in

കേരളത്തിൽ 50 കോടിയും കടന്ന് ‘പ്രേമലു’; ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള ചിത്രം!

കേരളത്തിൽ 50 കോടിയും കടന്ന് ‘പ്രേമലു’; ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള ചിത്രം!

ഗിരീഷ് എ ഡി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവിന്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടുന്ന ഒൻപതാമത്തെ ചിത്രമായാണ് പ്രേമലു മാറിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം മലയാള ചിത്രം കൂടിയാണ് പ്രേമലു. പുലിമുരുകൻ(86 കോടി), ബാഹുബലി 2 (75 കോടി), ലൂസിഫർ (66 കോടി), കെ ജി എഫ് 2 (67 കോടി), 2018 (89 കോടി), ജയിലർ (58 കോടി), ആർഡിഎക്സ് (52 കോടി), ലിയോ(60 കോടി) എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം കേരളത്തിൽ കൈവരിച്ച ചിത്രങ്ങൾ.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ വിജയങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ പ്രേമലുവിൽ നസ്ലെൻ, മമിതാ ബൈജു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ എന്നിവരും വേഷമിട്ട ഈ ചിത്രം ഇപ്പോൾ ആഗോള തലത്തിൽ 100 കോടി ഗ്രോസിലേക്കാണ് കുതിക്കുന്നത്.

ഇതിനോടകം 93 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നൂറ് കോടിയിൽ തൊടാൻ കഴിഞ്ഞാൽ ആ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള ചിത്രമായി പ്രേമലു മാറും. മോഹൻലാൽ ചിത്രങ്ങളായ പുലി മുരുകൻ, ലൂസിഫർ, മൾട്ടിസ്റ്റാർ ചിത്രങ്ങളായ 2018 , മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു മലയാള ചിത്രങ്ങൾ.

50 കോടി കേരളാ ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിലും 100 കോടി ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിലും രണ്ട് ചിത്രങ്ങളുമായി മോഹൻലാലാണ് മുന്നിൽ നിൽക്കുന്നത്. അൻപത് കോടി കേരളാ ഗ്രോസ് നേടിയ ജയിലർ എന്ന തമിഴ് ചിത്രത്തിലും മോഹൻലാൽ ചെയ്ത അതിഥി വേഷം ആ ചിത്രത്തിന്റെ കേരളത്തിലെ ബോക്സ് ഓഫീസ് പ്രകടനത്തിൽ നിർണ്ണായകമായി മാറി. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് പ്രേമലു നിർമ്മിച്ചത്.

Content Summary: Premalu Kerala Gross Collection Crossed 50 Cr

“ഇത് ഡീക്കോട് ചെയ്യാൻ കുറേ ഉണ്ടാകുമല്ലോ”; ‘ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചർച്ചയാകുന്നു…

“അവിശ്വസനീയമായ ദൃശ്യങ്ങളുമായി വെള്ളിത്തിരയിലെ വിസ്മയം വരുന്നു”; ‘ആടുജീവിതം’ ട്രെയിലർ കാണാം