‘പറവ’യിലെ കൂട്ടുകാർ വീണ്ടും; സൗഹൃദത്തിന്റെ കഥയുമായി ‘ചങ്ങായി’ ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക്

സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന അമൽ ഷാ, ഗോവിന്ദ് പൈ എന്നിവർ വീണ്ടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ചങ്ങായി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സുഹൃദ്ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ആഗസ്റ്റ് 1 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം നേടിയ ശ്രീലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഭഗത് മാനുവൽ, ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, കോട്ടയം പ്രദീപ്, വിനോദ് കോവൂർ, മഞ്ജു പത്രോസ്, അനു ജോസഫ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയൻ കാരന്തൂർ, സുശീൽ കുമാർ, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂർ, വിജയൻ വി നായർ എന്നിവരും മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ഐവ ഫിലിംസിന്റെ ബാനറിൽ വാണിശ്രീയാണ് ‘ചങ്ങായി’ നിർമ്മിക്കുന്നത്. ‘തായ് നിലം’ എന്ന തമിഴ് ചിത്രത്തിലൂടെ നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ പ്രശാന്ത് പ്രണവമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ എന്നത് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മോഹൻ സിത്താരയുടെ സംഗീതത്തിന് വരികളെഴുതിയിരിക്കുന്നത് സൗദി അറേബ്യയിലെ മലയാളി എഴുത്തുകാരിയായ ഷഹീറ നസീറാണ്.
സനൽ അനിരുദ്ധനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. പ്രേംകുമാർ പറമ്പത്ത് (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), സഹജന്‍ മൗവ്വേരി (കല), ഷനീജ് ശില്‍പം (മേക്കപ്പ്), ബാലന്‍ പുതുക്കുടി (വസ്ത്രാലങ്കാരം), എ എസ് ദിനേശ് (പി.ആര്‍.ഒ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.