ഒരു കുപ്രസിദ്ധ പയ്യൻ: ടോവിനോ തോമസിന്റെ അടുത്ത ചിത്രം മധുപാലിനൊപ്പം
യുവതാരം ടോവിനോ തോമസ് തന്‍റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു കുപ്രസിദ്ധ പയ്യൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ ആണ്. ലാൽ- പൃഥ്വിരാജ് എന്നിവരെ വെച്ച് തലപ്പാവ് എന്ന ചിത്രവും ആസിഫ് അലി- ലാൽ ടീമിനെ വെച് ഒഴിമുറി എന്ന ചിത്രവും ഒരുക്കി നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ നേടിയ സംവിധായകനാണ് മധുപാൽ. മമ്മൂട്ടിയെ നായകനാക്കി കർണ്ണൻ എന്നൊരു വമ്പൻ ബജറ്റ് ചിത്രം മധുപാൽ പ്രഖ്യാപിച്ചിരുന്നു എങ്കിലും അത്രയും വലിയ ചിത്രം നിർമ്മിക്കാൻ നിർമ്മാതാവിനെ ലഭിക്കാത്തതു കാരണം ആ പ്രൊജക്റ്റ് ഇപ്പോഴും നീണ്ടു പോവുകയാണ്.
തന്‍റെ ചിത്രങ്ങൾ എല്ലാം യഥാർത്ഥത്തിൽ നടന്നിട്ടുള്ള കഥകളുമായി ബന്ധപ്പെടുത്തിയെടുത്തിട്ടുള്ള മധുപാൽ, ഈ പുതിയ ചിത്രവും കേരളത്തില്‍ നടന്നിട്ടുള്ള കൊലപാതക പരമ്പരകൾ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. ടോവിനോ തോമസ് നായകൻ ആയി എത്തുന്ന ഈ മർഡർ മിസ്റ്ററിയിൽ നിമിഷ സജയൻ ആണ് നായിക. ഇന്ന് മുതൽ വൈക്കത്തു ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം അടുത്ത വർഷം പകുതിയോടെ പ്രദർശനത്തിനെത്തിനെത്തും എന്നാണ് സൂചന.
ജീവൻ ജോബ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് നൗഷാദ് ഷെരീഫ് ആണ്. ഔസേപ്പച്ചൻ സംഗീതമൊരുക്കുന്ന ഈ ചിത്രം വി സാജൻ എഡിറ്റ് ചെയ്യുന്നു. വി സിനിമാസ് ആണ് ഒരു കുപ്രസിദ്ധ പയ്യൻ നിർമ്മിക്കുന്നത്. ലിജോമോൾ ജോസ്. ശരണ്യ പൊൻവണ്ണൻ, അലെൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, പശുപതി, സൈജു കുറുപ്പ്, സുധീർ കരമന, ബാലു വർഗീസ് , ജി സുരേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ടോവിനോ തോമസിന്റെ അടുത്ത റിലീസ് ഡിസംബർ 22 ന് എത്തുന്ന ആഷിക് അബു ചിത്രമായ മായാനദിയാണ്. കമലിന്‍റെ ആമിയിലെ അതിഥി വേഷം പൂർത്തിയാക്കിയ ടോവിനോ നവാഗതനായ വിഷ്ണു നാരായണൻ ഒരുക്കിയ മറഡോണയും ബി ആർ വിജയലക്ഷ്മി ഒരുക്കിയ തമിഴ്- മലയാളം ദ്വിഭാഷാ ചിത്രം അഭിയും അനുവും കൂടി പൂർത്തിയാക്കിയിട്ടുണ്ട്. തമിഴ് ചിത്രം മാരി 2 , മലയാള ചിത്രം ലൂക്ക എന്നിവയും ടോവിനോ കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ ആണ്.