പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; ഒടിയന്‍റെ നാലാം ഘട്ട ചിത്രീകരണം ഡിസംബർ 20ന് തുടങ്ങും
ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ മലയാള സിനിമാ പ്രേക്ഷകരുടെ ചർച്ചകളിൽ ഒടിയൻ ഉണ്ട്. നിരവധി ഒടിയൻ കഥകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സൂപ്പർതാരം മോഹൻലാൽ നായകൻ ആകുന്ന ഈ ചിത്രം മലയാളത്തിന്‍റെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോൻ ആണ്. ഒപ്പം വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ശ്രീകുമാർ മേനോന് പകരം മറ്റൊരാൾ ആയിരിക്കും ഒടിയൻ സംവിധാനം ചെയ്യുക എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചു അണിയറപ്രവർത്തകർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നു.
ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾക്ക് പ്രതികരണം പോലും ആവശ്യമില്ല എന്ന് അണിയറപ്രവർത്തകർ പറയുന്നു. ഒരു പുതുമുഖ സംവിധായകന്‍റെ ചിത്രത്തിനും ലഭിക്കാത്ത ജനപ്രീതിയാണ് ഒടിയന് ലഭിക്കുന്നത്. തെറ്റായ വാർത്തകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് അണിയറപ്രവർത്തകർ പറയുന്നു.
അതേസമയം ഓടിയന്‍റെ നാലാമത്തെയും അവസാനത്തെയും ഷെഡ്യൂൾ ഡിസംബർ 20ന് ആരംഭിക്കും. ഒടിയനിലെ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവനകാലം ആണ് ഈ ഘട്ടത്തിൽ ചിത്രീകരിക്കുക. ഇതിനായി മോഹൻലാൽ മുൻപെങ്ങും കാണാത്ത മെയ്ക് ഓവറിൽ ആകും എത്തുക. ശരീര ഭാരം കുറച്ചു ക്‌ളീൻ ഷേവ് ലുക്കിൽ ആണ് മലയാളത്തിന്റെ പ്രിയ താരം എത്തുക. ഇതിനായുള്ള തയ്യാർ എടുപ്പിൽ ആണ് മോഹൻലാൽ. ഫ്രാൻസിൽ നിന്ന് 25 പേര് അടങ്ങുന്ന വിദഗ്‌ധരുടെ സംഘമാണ് മോഹൻലാലിന്റെ പുതിയ രൂപമാറ്റത്തിനായി പ്രവർത്തിക്കുന്നത്.
നീണ്ട നാല്പതു വർഷത്തെ അഭിനയ ജീവിതത്തിൽ മറ്റൊരു കഥാപാത്രത്തിനും നടത്താത്ത മെയ്ക് ഓവറിലേക്കു മോഹൻലാൽ പോകുന്നു. കായികതാരങ്ങളുടെ പരിശീലനരീതിയും അഭ്യാസമുറകളും പോലെ തന്നെ അതി കഠിനനായ ഘട്ടങ്ങളിലൂടെയും മോഹൻലാൽ കടന്നുപോകുന്നു. ദിവസേനെ 8 മണിക്കൂറുകളോളം സമയം ആണ് മോഹൻലാൽ ഇതിനായി മാറ്റിവെക്കുന്നത്.
മലയാള സിനിമാ ലോകവും പ്രേക്ഷകരും മോഹൻലാലിന്‍റെ വേഷ പകർച്ച കാണാൻ ആകാംഷയോടെ കാത്തിരിക്കുക ആണ്. ചിത്രം അടുത്ത വർഷം പ്രദർശനത്തിന് എത്തും.