ഒടിയനിൽ എത്തുന്ന ബോളിവുഡ് താരം ആര്? അഭ്യൂഹങ്ങൾ പരക്കുന്നു!
മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ ഇപ്പോൾ അതിന്‍റെ ഫൈനൽ ഷെഡ്യൂളിൽ ആണ്. വരുന്ന ആഴ്ച മുതൽ വാഗമൺ ആണ് ഈ ചിത്രത്തിന്‍റെ തുടർന്നുള്ള ഭാഗങ്ങളുടെ ചിത്രീകരണം എന്ന് വാർത്തകൾ ഉണ്ട്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. ഒരു പീരീഡ് ഫാന്റസി ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനും ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. എന്നാൽ ഇപ്പോൾ അഭ്യൂഹങ്ങൾ പരക്കുന്നത് ഈ ചിത്രത്തിലെ ഒരു നിർണ്ണായക വേഷം ചെയ്യാൻ പോകുന്ന ബോളിവുഡ് താരം ആരാണ് എന്ന കാര്യത്തിൽ ആണ്.
അമിതാബ് ബച്ചൻ ആയിരിക്കും ഈ ചിത്രത്തിലെ മുത്തപ്പൻ എന്നൊരു കഥാപാത്രം അവതരിപ്പിക്കുക എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. പിന്നീട് വന്ന വാർത്തകൾ പറഞ്ഞത് ആ കഥാപാത്രം മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിക്കും എന്നാണ്. എന്നാൽ ഒടിയൻ ടീം ആ വാർത്ത നിഷേധിക്കുകയും, ആ കഥാപാത്രം ചെയ്യുന്നത് ഒരു ബോളിവുഡ് നടൻ ആയിരിക്കുമെന്നും പറഞ്ഞു.
ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത് പ്രശസ്ത ബോളിവുഡ് നടൻ ആയ മനോജ് ജോഷി ആയിരിക്കും ആ വേഷം ചെയ്യുക എന്നാണ്. പ്രിയദർശൻ ഒരുക്കിയ ഹിന്ദി ചിത്രങ്ങളിൽ കോമഡി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം തന്‍റെ മിന്നുന്ന പ്രകടനം കൊണ്ട് ഒട്ടേറെ തവണ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തിട്ടുണ്ട്. മനോജ് ജോഷി ഒടിയൻ എന്ന ചിത്രത്തിന്‍റെ ഭാഗമാകുമോ എന്ന വാർത്ത ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.
പീറ്റർ ഹെയ്‌ൻ – മോഹൻലാൽ ടീമിന്‍റെ ഗംഭീര സംഘട്ടനങ്ങൾ ആണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എം ജയചന്ദ്രന്‍റെ സംഗീതവും ഷാജി കുമാർ ഒരുക്കുന്ന ദൃശ്യങ്ങളും സാം സി എസിന്‍റെ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന് കരുത്താവും. വി എഫ് എക്‌സിനു മികച്ച പ്രാധാന്യള്ള ഈ ചിത്രത്തിന് വി എഫ് എക്സ് ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തനായ വി എഫ് എക്സ് വിദഗ്ദ്ധനായ പ്രസാദ് സുതർ ആണ്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.