താനിപ്പോൾ മോഹൻലാലിന്‍റെയും ദുൽഖറിന്‍റെയും ആരാധകനായി മാറിയെന്ന് സുഡാനി താരം സാമുവൽ റോബിൻസൺ!
ഈ വർഷം മലയാള സിനിമയിൽ വിജയം നേടിയ വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ ഉള്ളു. മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാൽ നായകനായ ആദി ബ്ലോക്ക്ബസ്റ്റർ ആയപ്പോൾ പിന്നെ ഒരു മികച്ച ഹിറ്റ് ആയി മാറിയത് സൗബിൻ ഷാഹിറും ആഫ്രിക്കൻ നടൻ സാമുവൽ റോബിൻസൺ അബിയോളയും പ്രധാന വേഷങ്ങളിൽ എത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവുമാണ്. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയെടുത്തു ബോക്സ് ഓഫീസിൽ മുന്നോട്ടു കുതിക്കുമ്പോൾ ആഫ്രിക്കൻ നടൻ സാമുവൽ റോബിൻസൺ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയാണ്.
ഈ അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കേരളത്തെ കുറിച്ചും മലയാള സിനിമയെ കുറിച്ചുമെല്ലാം മനസ്സ് തുറന്നു. കേരളം ഇപ്പോൾ തനിക്കു ഒരുപാട് ഇഷ്ടമാണെന്നും ഇവിടുത്തെ പ്രേക്ഷകരുടെ സ്നേഹവും അതുപോലെ തന്നെ കേരളത്തിലെ ഭക്ഷണവും മറക്കാൻ പറ്റില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ വന്നതിന് ശേഷം സൂപ്പര്‍താരം മോഹൻലാലിന്‍റെയും യുവതാരം ദുൽഖർ സൽമാന്‍റെയും ആരാധകൻ ആയി താന്‍ മാറി എന്നാണ് സാമുവൽ റോബിൻസൺ പറഞ്ഞത് . ഇവിടെ വന്നതിന് ശേഷം ഏറ്റവുമധികം താൻ കേട്ട പേരുകൾ ഇവരുടേത് ആണെന്നും പ്രേക്ഷകരുടെ പ്രീയപ്പെട്ട സുഡാനി പറയുന്നു.
തനിക്കൊപ്പം ഈ ചിത്രത്തിൽ നായക വേഷം അവതരിപ്പിച്ച സൗബിൻ ഷാഹിർ ഒരു ഗംഭീര നടൻ ആണെന്നും സാമുവൽ പറഞ്ഞു. ചിത്രം റിലീസ് ചെയ്ത ശേഷം, ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നോട് വംശീയമായ പെരുമാറ്റം കാണിച്ചു എന്നും തനിക്ക് അർഹമായ പ്രതിഫലം അവർ തന്നിലെന്നും സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞു സാമുവൽ വിവാദ പുരുഷൻ ആയി മാറിയിരുന്നു. എന്നാൽ പിന്നീട് അവർ തമ്മിലുള്ള തർക്കങ്ങൾ വളരെ രമ്യമായി പരിഹരിക്കുകയാണ് ഉണ്ടായത്. താനിപ്പോൾ കേരളത്തെ വല്ലാതെ മിസ് ചെയ്യുന്നു എന്നും പ്രത്യേകിച്ചും കേരളത്തിന്‍റെ പൊറോട്ടയും ബീഫും കഴിക്കാൻ തോന്നുന്നു എന്നും സാമുവൽ റോബിൻസൺ പറയുന്നു.