എന്താ ഫ്രഷ്നെസ്, ഓട്ടോ ഡ്രൈവറായി നാടൻ ലുക്കിൽ നിവിൻ പോളി; ‘ഡോൾബി ദിനേശൻ’ ഫസ്റ്റ് ലുക്ക് പുറത്ത്…

മലയാളികളുടെ പ്രിയതാരം നിവിൻ പോളി വീണ്ടും നാടൻ വേഷത്തിൽ എത്തുകയാണ്. താമർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡോൾബി ദിനേശൻ’ ആണ് താരത്തിന്റെ ഏറ്റവും പുതിയ പ്രോജക്റ്റ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫസ്റ്റ് ലുക്കിൽ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ആണ് നിവിൻ പോളി പ്രത്യക്ഷപ്പെടുന്നത്.
“ആയിരത്തൊന്നു നുണകൾ”, “സർക്കീട്ട്” എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം താമർ ഒരുക്കുന്ന ഈ സിനിമ അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന പത്താമത്തെ സംരംഭം കൂടിയാണ്. ഫസ്റ്റ് ലുക്കിൽ ഒരു ഓട്ടോറിക്ഷയുടെ അടുത്തായി, ചുരുട്ടിയ ഒരു പത്രവുമായി നിൽക്കുന്ന നിവിൻ പോളിയെ ആണ് കാണാൻ സാധിക്കുന്നത്. ഹെഡ്ഫോണും വെച്ച്, ഗൗരവമായ ഭാവത്തിലാണ് താരത്തെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. നിവിൻ പോളി ഈ സിനിമയിൽ ഒരു ഓട്ടോ ഡ്രൈവറുടെ വേഷം അവതരിപ്പിക്കുന്നു എന്ന് അനുമാനിക്കാം. ഒരു പ്രത്യേക ഫ്രഷ്നെസ് നൽകുന്നുണ്ട് താരത്തിന്റെ നാടൻ ലുക്കും.
ഈ സിനിമയുടെ ചിത്രീകരണം മെയ് പകുതിയോടെ ആരംഭിക്കും. ജിതിൻ സ്റ്റാനിസ്ലാസ് ആണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീത സംവിധാനം നിർവഹിക്കുമ്പോൾ, രഞ്ജിത്ത് കരുണാകരനാണ് പ്രോജക്ട് ഡിസൈനർ. നിധിൻ രാജ് ആരോളാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ശ്രദ്ധേയമായ കാര്യം, “അനിമൽ” പോലുള്ള ബോളിവുഡ് സിനിമകളുടെ സൗണ്ട് വിഭാഗത്തിൽ പ്രവർത്തിച്ച സിങ്ക് സിനിമയാണ് ഈ ചിത്രത്തിലെ ശബ്ദമിശ്രണം കൈകാര്യം ചെയ്യുന്നത്.