നീരാളിയിൽ മോഹൻലാലിന്റെ വില്ലൻ ബോളിവുഡിൽ നിന്ന്!
കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന നീരാളി എന്ന ചിത്രത്തിൽ ആണ്. നവാഗതനായ സാജു തോമസ് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ് നിർമ്മിക്കുന്നത്. മഹേഷിന്റെ പ്രതികാരം, നിമിർ, മായാനദി എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രമാണ് നീരാളി. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ മുംബൈയിൽ പുരോഗമിക്കുകയാണ്.
കന്നഡ സൂപ്പർ താരം കിച്ച സുദീപിനെയാണ് ഈ ചിത്രത്തിലെ വില്ലനായി ആദ്യം പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളുടെ ഷൂട്ടിംഗ് തീയതികളിൽ ഉണ്ടായ മാറ്റം കാരണം, കിച്ച സുദീപ് ഈ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു പ്രശസ്ത ബോളിവുഡ് താരം ആയിരിക്കും സുദീപിന് പകരം ഈ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കാൻ എത്തുക. മോഹൻലാൽ ഈ ചിത്രത്തിൽ സണ്ണി എന്ന് പേരുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. രത്നങ്ങളെ കുറിച്ച് പഠിക്കുന്ന, അല്ലെങ്കിൽ രത്നങ്ങളുടെ കാര്യത്തിൽ വിദഗ്ദ്ധനായ ഒരാളാണ് സണ്ണി എന്നാണ് സൂചന.
സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, പാർവതി നായർ, സായികുമാർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ ആയ സ്റ്റീഫൻ ദേവസ്സി ആണ് എന്നുള്ളതാണ് നീരാളിയുടെ മറ്റൊരു സവിശേഷത. ബോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തിൽ പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഇതിനു മുൻപേ രണ്ടു ബോളിവുഡ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അജോയ് വർമ്മ.
സന്തോഷ് തുണ്ടിയിൽ ദൃശ്യങ്ങൾ ഒരുക്കുമ്പോൾ എഡിറ്റിംഗ് നിർവഹിക്കുന്നത് സംവിധായകൻ അജോയ് വർമ്മ തന്നെയാണ്. ഈദ് റിലീസ് ആയാവും ഈ ചിത്രം പ്രദർശനത്തിന് എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. നീരാളിയിലെ മോഹൻലാലിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.