നാനിയ്ക്ക് മൂന്നാമതും 100 കോടി ക്ലബ്; ‘ഹിറ്റ് 3’ കളക്ഷൻ റിപ്പോർട്ട് ഇതാ

തെലുങ്ക് യുവ സൂപ്പർതാരം നാനിയുടെ ഏറ്റവും പുതിയ ചിത്രം ‘ഹിറ്റ് 3’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം വെറും നാല് ദിവസങ്ങൾക്കുള്ളിൽ 100 കോടി രൂപയുടെ ഗംഭീര കളക്ഷൻ സ്വന്തമാക്കി. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ‘ഹിറ്റ് 3’, ആദ്യ വാരാന്ത്യം പിന്നിടുമ്പോഴേക്കും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.
ആദ്യ ദിവസം 43 കോടി രൂപ നേടിയ ചിത്രം, രണ്ടാം ദിവസം 19 കോടിയും മൂന്നാം ദിവസം 20 കോടിയും സ്വന്തമാക്കി. നാലാം ദിവസവും 19 കോടി രൂപ കളക്ഷൻ നേടിയതോടെ ആഗോളതലത്തിൽ ചിത്രത്തിന്റെ വരുമാനം 101 കോടി രൂപയായി ഉയർന്നു. കേരളത്തിലും മികച്ച അഭിപ്രായവും കളക്ഷനുമാണ് ചിത്രം നേടുന്നത്. ‘ഹിറ്റ്’ സീരീസിലെ മൂന്നാം ചിത്രമായ ഇത്, നാനിയുടെ കരിയറിലെ മൂന്നാമത്തെ 100 കോടി ക്ലബ്ബ് ചിത്രമായി മാറി. അതിവേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനിയുടെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘ഹിറ്റ് 3’ യ്ക്ക്. തുടർച്ചയായി ഈ നേട്ടം സ്വന്തമാക്കുന്ന തെലുങ്ക് താരങ്ങളുടെ പട്ടികയിലും നാനി ഇതോടെ ഇടംപിടിച്ചു.
ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിലും ‘ഹിറ്റ് 3’ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. വിദേശത്ത് നിന്ന് മാത്രം 2 മില്യൺ ഡോളറാണ് ചിത്രം ഇതുവരെ നേടിയത്. 2 മില്യൺ ഡോളർ നേടുന്ന നാനിയുടെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. ആദ്യ വാരാന്ത്യം കൊണ്ട് തന്നെ ചിത്രത്തിന്റെ മുതൽമുടക്ക് തിരിച്ചുപിടിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു, എല്ലാ വിപണികളിൽ നിന്നും വൻ ലാഭമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. നായികയായി ശ്രീനിഥി ഷെട്ടി എത്തിയ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.