പ്രേക്ഷകരുടെ ഇഷ്ടം നേടുമോ ഈ ‘മോൺസ്റ്റർ’; റിവ്യൂ വായിക്കാം…

0

പ്രേക്ഷകരുടെ ഇഷ്ടം നേടുമോ ഈ ‘മോൺസ്റ്റർ’; റിവ്യൂ വായിക്കാം…

മലയാളത്തിന്റെ ബോക്സ് ഓഫീസിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ച ‘പുലിമുരുകൻ’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം വീണ്ടും അതേ ടീം ഒന്നിക്കുന്നതിന്‍റെ ആവേശമായിരുന്നു ‘മോൺസ്റ്റർ’ എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. എന്നാൽ അത്തരത്തിൽ ഒരു മാസ് ചിത്രമല്ല മോഹൻലാൽ നായകനാകുന്ന മോൺസ്റ്റർ എന്ന് സംവിധായകൻ വൈശാഖ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും പഞ്ചാബി ലുക്കിൽ ലക്കി സിംഗ് ആയി മോഹൻലാൽ പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒക്കെ പ്രേക്ഷകർക്ക് കൗതുകമായി മാറിയിരുന്നു. ചിത്രത്തെ കുറിച്ച് യാതൊന്നും അണിയറപ്രവര്‍ത്തകര്‍ തുറന്ന് പറയാത്തതും പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയിരുന്നു. ഇപ്പോൾ ഇതാ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുക ആണ്.

കുഞ്ഞാറ്റ എന്ന അഞ്ച് വയസുകാരി മകൾക്ക് ഒപ്പം സന്തോഷമായി ഒരു ഫ്ലാറ്റിൽ താമസിക്കുന്ന അനിൽ – ദാമിനി ദമ്പതികളിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഇവരുടെ ജീവിതത്തിലേക്ക് ലക്കി സിംഗ്‌ എന്ന ഒരു പഞ്ചാബി-മലയാളി സർദാർ എത്തുന്നതിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്. തുടക്കത്തിൽ ലക്കി സിംഗ് അയാളുടെ അമിതമായ വർത്തമാനത്തിലൂടെയും പെരുമാറ്റത്തിലൂടെയും പരിചയപ്പെടുന്നവരിൽ അനിഷ്ടം സൃഷ്ടിക്കുന്നുണ്ടെങ്കിലും അയാളെ അവര്‍ മെല്ലെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ കാര്യങ്ങൾ ഒക്കെ മാറി മറിയുക ആണ്. ഒരു ഫീൽ ഗുഡ് ചിത്രം എന്ന പ്രതീതി സൃഷ്ടിച്ച ചിത്രം അതിന്റെ യഥാർത്ഥ ത്രില്ലർ ട്രാക്കിലേക്ക് മാറുന്നതോടെ നിരവധി ചോദ്യങ്ങളുമായി പ്രേക്ഷകരും ചിത്രത്തിന് ഒപ്പം സഞ്ചരിക്കാൻ തുടങ്ങുന്നു. സസ്പെൻസും ട്വിസ്റ്റുകളും ഒക്കെ ആയി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കിടിലൻ ആക്ഷൻ രംഗങ്ങളും ഒക്കെ നൽകി ആണ് ചിത്രം അവസാനിക്കുന്നത്.

മലയാള സിനിമയിൽ അധികം അങ്ങനെ ഉപയോഗപ്പെടുത്താത്ത ഒരു വിഷയം ചിത്രത്തിൽ ഉൾപ്പെടുത്തി എന്നത് ആണ് മോൺസ്റ്ററിനെ വ്യത്യസ്തമാക്കുന്നത്. ഈ ആശയം തിരക്കഥയാക്കിയ ഉദയകൃഷ്ണ അഭിനന്ദനം അർഹിക്കുന്നു. തിയേറ്ററുകളിൽ ആഘോഷമാകുന്ന മാസ് കൊമേഴ്‌സ്യൽ സിനിമകൾ സമ്മാനിക്കുന്ന വൈശാഖ് – ഉദയകൃഷ്ണ ടീമിന്റെ വ്യത്യസ്തമായ ഒരു ശ്രമമാണ് ഈ ചിത്രം എന്ന് പറയാം. കണ്ടെന്റ് തന്നെയാണ് ചിത്രത്തിന്റെ താരം. പല ഷെയ്ഡുകൾ ഉള്ള കഥാപാത്രങ്ങൾ ആണ് മിക്ക അഭിനേതാക്കളിൽ നിന്നും ഈ ചിത്രത്തിന് ആവശ്യമായി വന്നത്. അതിൽ അഭിനേതാക്കൾ എല്ലാം മികച്ചും നിന്നു. മോഹൻലാൽ ഒരിക്കൽ കൂടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഹണി റോസ് ആകട്ടെ ഈ ചിത്രത്തിലൂടെ കരിയറിലെ തന്നെ മികച്ച വേഷമാണ് അസാധ്യമായി കൈകാര്യം ചെയ്തിരിക്കുന്നത്. തെലുങ്ക് നടി ലക്ഷ്മി മഞ്ജുവിന്‍റെ മലയാളത്തിലെ അരങ്ങേറ്റം വരവറിയിച്ച് തന്നെ ആയിരുന്നു.

മികച്ച രണ്ട് ഫൈറ്റ് സീനുകൾ ആണ് ഈ ചിത്രത്തിൽ ഉള്ളത്. സ്റ്റണ്ട് സിൽവയുടെ സംഘട്ടനം ഏറ്റവും മികച്ച രീതിയിൽ ആണ് വൈശാഖ് സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്. വൈശാഖിന് മികച്ച പിന്തുണ ആണ് സാങ്കേതിക വിഭാഗവും നൽകിയിരിക്കുന്നത്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം, ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്, ദീപക് ദേവിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒക്കെയും ചിത്രത്തെ ആസ്വാദ്യകരമാക്കി മാറ്റിയിരിക്കുന്നു. ഈ ചിത്രത്തിന്റെ ടീം മുൻപ് ഒന്നിച്ചപ്പോൾ ലഭിച്ച വമ്പൻ ഹിറ്റിന്റെ പ്രതീക്ഷ ഈ ചിത്രത്തിലേക്ക് പകർത്താതെ ഒരു ഗുഡ് ഫീൽ ചിത്രത്തിൽ നിന്ന് ത്രില്ലർ ട്രാക്കിലേക്ക് സഞ്ചരിക്കുന്ന ഒരു ചിത്രം എന്ന നിലയിൽ സമീപിച്ചാല്‍ മോൺസ്റ്റർ ആസ്വാദ്യകരമായി മാറും എന്നത് തീർച്ച.