മോളിവുഡ് അർദ്ധവാർഷിക റിപ്പോർട്ട് 2025: 7 വിജയങ്ങൾ മാത്രം, മൂന്നും മോഹൻലാൽ ചിത്രങ്ങൾ

2025 എന്ന വർഷത്തിന്റെ ആദ്യ 6 മാസം പിന്നിടുമ്പോഴുള്ള മലയാള സിനിമയുടെ അർദ്ധവാർഷിക ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത്. ആദ്യ 6 മാസം പിന്നിടുമ്പോൾ മലയാളത്തിൽ വിജയം നേടിയ ചിത്രങ്ങൾ വെറും ഏഴെണ്ണം മാത്രം. അതിൽ മൂന്നെണ്ണം മോഹൻലാലിന് മാത്രം. ഏഴു ചിത്രങ്ങളിൽ ഒരെണ്ണം ഒരു റീ റിലീസ് ചിത്രമാണെന്നതും എടുത്തു പറയണം.
ജനുവരിയിൽ റിലീസ് ചെയ്ത ആസിഫ് അലി ചിത്രം ‘രേഖാചിത്ര’മാണ് ഈ വർഷത്തെ ആദ്യത്തെ വിജയം. 57 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. മാർച്ചിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ വിജയം നേടുന്ന രണ്ടാമത്തെ ചിത്രമായി മാറി. 54 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. മാർച്ചിൽ അവസാനം എത്തിയ മോഹൻലാൽ ചിത്രം “എമ്പുരാൻ” ആണ് ഈ വർഷത്തെ മലയാളത്തിലെ മൂന്നാമത്തെ വിജയ ചിത്രവും ഏറ്റവും വലിയ ആഗോള ഗ്രോസറും. 265 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്.
ഏപ്രിൽ മാസത്തിൽ രണ്ടു ചിത്രങ്ങളാണ് മലയാളത്തിൽ വിജയിച്ചത്. നസ്ലൻ നായകനായ ‘ആലപ്പുഴ ജിംഖാന’ (64 കോടി), മോഹൻലാൽ നായകനായ ‘തുടരും’ (234 കോടി) എന്നിവയാണവ. മെയ് മാസത്തിൽ റിലീസ് ചെയ്ത സന്ദീപ് പ്രദീപ്- സുരാജ്- ഷറഫുദീൻ ചിത്രം ‘പടക്കളം’ വിജയിച്ച ആറാമത്തെ ചിത്രമായപ്പോൾ ജൂണിൽ എത്തിയ മോഹൻലാലിന്റെ റീ റിലീസ് ചിത്രം “ഛോട്ടാമുംബൈ” ഏഴാമത്തെ വിജയമായി.
മൂന്നു മോഹൻലാൽ ചിത്രങ്ങൾ മാത്രം 500 കോടിയാണ് ഈ വർഷം നേടിയ ആഗോള ഗ്രോസ്. ‘തുടരും’ 119 കോടി കേരളത്തിൽ നിന്ന് മാത്രം നേടി ഇൻഡസ്ടറി ഹിറ്റ് ആയപ്പോൾ ‘എമ്പുരാൻ’ നേടിയ കേരളാ ഗ്രോസ് 86 കോടിയാണ്. കേരളത്തിൽ നിന്ന് മാത്രം മൂന്നു മോഹൻലാൽ ചിത്രങ്ങൾ നേടിയത് 200 കോടിക്ക് മുകളിലാണ്. ഓവർസീസ് മാർക്കറ്റിൽ നിന്നും ‘തുടരും’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങൾ ചേർന്ന് നേടിയത് 240 കോടിയാണ്. 144 കോടി വിദേശ ഗ്രോസ് നേടിയ ‘എമ്പുരാൻ’ ആണ് ഈ വർഷം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിദേശ ഗ്രോസ്സർ. 95 കോടിയുമായി ‘തുടരും’ രണ്ടാം സ്ഥാനത്തുമുണ്ട്.