തുടർ ഹിറ്റുകൾ ലക്ഷ്യമിട്ട് മോഹൻലാൽ; ഓണത്തിന് ‘ഹൃദയപൂർവ്വം’, പുതിയ പോസ്റ്റർ പുറത്ത്

തുടർച്ചയായ ബോക്സ് ഓഫീസ് വിജയങ്ങൾക്ക് ശേഷം മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘ഹൃദയപൂർവ്വം’ ഓണം റിലീസായി തീയേറ്ററുകളിലെത്തും. ഓഗസ്റ്റ് 28ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. “ഈ ഓണം ഹൃദയം നിറയെ സന്തോഷം നിറയ്ക്കാൻ” എന്ന തലക്കെട്ടോടെ മോഹൻലാൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. മോഹൻലാൽ, മാളവിക മോഹനൻ, സംഗീത് പ്രതാപ്, സംഗീത എന്നിവർ അണിനിരക്കുന്ന പോസ്റ്റർ ഒരു സമ്പൂർണ്ണ കുടുംബ ചിത്രത്തിന്റെ പ്രതീതിയാണ് നൽകുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം, ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന പതിനെട്ടാമത്തെ സിനിമയാണിത്. പൂണെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒരു ഫീൽ ഗുഡ് എൻ്റർടെയ്നർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഫഹദ് ഫാസിലിൻ്റെ ആരാധകനായ ഒരു അന്യഭാഷാക്കാരനെ മോഹൻലാൽ കണ്ടുമുട്ടുന്ന രംഗം ടീസറിന് വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു.
സത്യൻ അന്തിക്കാടിൻ്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. അഖിൽ സത്യൻ കഥയെഴുതിയപ്പോൾ, അനൂപ് സത്യനാണ് സഹസംവിധായകൻ. സോനു ടി.പി. ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ്, ശബീത ആനന്ദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
‘എമ്പുരാൻ’, ‘തുടരും’, ‘ചോട്ടാ മുംബൈ’ റീ-റിലീസ് എന്നിവയുടെ വമ്പൻ വിജയങ്ങൾക്ക് ശേഷം മോഹൻലാൽ ഒരു കുടുംബചിത്രവുമായി എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. മലയാളി പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട കോംബോയായ മോഹൻലാൽ-സത്യൻ അന്തിക്കാട് ടീം പത്തു വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്നതിന്റെ പ്രതീക്ഷയും പ്രേക്ഷകർക്ക് ഉണ്ട്.