സെൻസേഷണൽ സംവിധായകനൊപ്പം മോഹൻലാൽ? ‘ആവേശം’ ഇനി പതിന്മടങ്ങ് ഉയരും…

സൗബിൻ ഷാഹിർ നായകനായ രോമാഞ്ചം, ഫഹദ് ഫാസിൽ നായകനായ ആവേശം എന്നീ വമ്പൻ ഹിറ്റുകൾക്കു ശേഷം സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിൻെറ മഹാനടൻ മോഹൻലാൽ നായകനായി എത്തുമെന്ന് വാർത്തകൾ. ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
ജിത്തു മാധവൻ അടുത്തിടെ മോഹൻലാലിനോട് ഒരു കഥ പറഞ്ഞെന്നും മോഹൻലാൽ അതിൽ താല്പര്യം പ്രകടിപ്പിച്ചു എന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. അടുത്ത മാസം അവസാനം, മോഹൻലാൽ സംവിധാനം ചെയ്ത ബറോസിന്റെ റിലീസിന് ശേഷം അദ്ദേഹം ജീത്തു മാധവന്റെ തിരക്കഥയുടെ പൂർണ്ണരൂപം കേൾക്കുമെന്നും, അതിന് ശേഷം ചിത്രത്തിന്റെ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും വാർത്തകൾ പറയുന്നു.
അടുത്ത വർഷം പകുതിയോടെ ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണെന്നും സൂചനയുണ്ട്. ഒരു മാസ്സ് കൊമേർഷ്യൽ എന്റെർറ്റൈനെർ ചിത്രമായിരിക്കും മോഹൻലാൽ- ജിത്തു മാധവൻ ടീമിൽ നിന്ന് പുറത്തു വരികയെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ മഹേഷ് നാരായണൻ ചിത്രത്തിലെ അതിഥി വേഷം ചെയ്യാൻ ശ്രീലങ്കയിലുള്ള മോഹൻലാൽ, ഒരാഴ്ചക്ക് ശേഷം പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്റെ ഫൈനൽ ഷെഡ്യൂളിൽ ജോയിൻ ചെയ്യും. അതിനു ശേഷം സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവമാണ് മോഹൻലാൽ ചെയ്യുക. തരുൺ മൂർത്തി ഒരുക്കിയ മോഹൻലാൽ ചിത്രമായ ‘തുടരും” ജനുവരിയിലാണ് റിലീസ് ചെയ്യുക.
കൃഷാന്ത്, ബ്ലെസി, അമൽ നീരദ്, അൻവർ റഷീദ്, ടി കെ രാജീവ് കുമാർ, പ്രിയദർശൻ, നിർമ്മൽ സഹദേവ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളും മോഹൻലാലിന്റെ പരിഗണനയിലുണ്ടെന്നാണ് വാർത്തകൾ വരുന്നത്.