ഒടിയനിൽ മോഹൻലാൽ പാടുന്നു; വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു സംവിധായകൻ
താര ചക്രവർത്തിയായ മോഹൻലാൽ നായകനാവുന്ന ഒടിയൻ എന്ന ചിത്രംത്തിന്‍റെ പോസ്റ്റ്-പ്രൊഡക്ഷന്‍ അവസാന സ്റ്റേജിലേക്ക് കടക്കുകയാണ്. അതിന്‍റെ ഭാഗമായി ഇപ്പോൾ അതിലെ പാട്ടുകളുടെ ഫൈനൽ മിക്സിങ് ചെന്നൈയിൽ വെച്ച് നടക്കുകയാണ്. എം ജയചന്ദ്രൻ ഈണം നൽകിയ അഞ്ചു പാട്ടുകൾ ആണ് ഈ ചിത്രത്തിൽ ഉള്ളത്. ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, എം ജി ശ്രീകുമാർ, സുദീപ് തുടങ്ങിയവർ ആണ് ഈ ചിത്രത്തിൽ പാടിയിരിക്കുന്നത്. ചിത്രത്തിലെ നായകൻ മോഹൻലാലും ഇതിൽ ഒരു ഗാനം ആലപിക്കുന്നുണ്ട് എന്ന് ആദ്യം ചില വാർത്തകൾ വന്നിരുന്നു എങ്കിലും അന്നത് സ്ഥിതീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ കാര്യം ഔദ്യോഗികമായി തന്നെ സംവിധായകൻ ശ്രീകുമാർ മേനോൻ സ്ഥിരീകരിച്ചിരിക്കുകയാണ്.
മോഹൻലാൽ ഈ ചിത്രത്തിൽ മനോഹരമായ ഒരു ഗാനം ആലപിക്കുന്നുണ്ട് എന്നും ഒരു നാടൻ പാട്ടിന്‍റെ ശൈലിയിൽ ചിട്ടപ്പെടുത്തിയ ഗാനമാണ് അതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ഇതിലെ ഗാനങ്ങളുടെ ഫൈനൽ മിക്സിങ് നടക്കുന്ന സ്റ്റുഡിയോയിൽ നിന്ന് സംഗീത സംവിധായകൻ എം ജയചന്ദ്രനും ഗായകൻ എം ജി ശ്രീകുമാറിനും ഒപ്പം ഫേസ്ബുക് ലൈവിൽ വന്നപ്പോൾ ആണ് ശ്രീകുമാർ മേനോൻ ഈ വാർത്ത പുറത്തു വിട്ടത്.
ഇതിലെ അഞ്ചു ഗാനങ്ങളും ഏറെ മനോഹരണമെന്നും ഒരുപക്ഷെ തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗാനങ്ങൾ ആയിരിക്കും ഈ ചിത്രത്തിലേത് എന്നും എം ജയചന്ദ്രൻ പറയുന്നു. അതുപോലെ തന്നെ തന്‍റെ കരിയറിൽ ഒരു വഴിത്തിരിവ് ആകുമെന്ന് താൻ വിശ്വസിക്കുന്ന ഒരു ഗാനമാണ് ഈ ചിത്രത്തിൽ പാടിയിരിക്കുന്നതെന്നു എം ജി ശ്രീകുമാറും പറഞ്ഞു. റഫീഖ് അഹമ്മദ്, പ്രഭാ വർമ്മ, ലക്ഷ്മി ശ്രീകുമാർ എന്നിവർ ആണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.
ഇതിലെ ഗാനങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കണ്ടു എന്നും ഏറെ മനോഹരമായി തന്നെ ശ്രീകുമാർ മേനോൻ ആ ഗാനങ്ങൾക്ക് ദൃശ്യ ഭാഷ ഒരുക്കിയിട്ടുണ്ട് എന്നുമാണ് എം ജി ശ്രീകുമാർ പറഞ്ഞത്. ഏതായാലും സംഗീത പ്രേമികൾക്കും ഒരു വിരുന്നു തന്നെയാവും ഒടിയൻ ഒരുക്കുക എന്ന സൂചനയാണ് ലഭിക്കുന്നത്.