“ഗുണ്ടകൾക്ക് ടൈം മെഷീൻ കിട്ടിയാൽ എന്ത് സംഭവിക്കും”; കൗതുകമായി ‘മാർക്ക് ആന്റണി’ ട്രെയിലർ…

വിശാൽ ചിത്രമായ മാർക്ക് ആന്റണിയുടെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി. ചെന്നൈയിൽ നടന്ന ലോഞ്ച് ചടങ്ങിലാണ് ട്രെയിലർ റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ് ജെ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 15 ന് ആണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
ഒരു കൂട്ടം ഗുണ്ടാസംഘങ്ങളുടെ കൈകളിൽ ഒരു ടൈം മെഷീൻ കിട്ടിയാൽ എന്ത് സംഭവിക്കും എന്നതാകും ഈ സിനിമയുടെ ഇതിവൃത്തം എന്ന സൂചന ട്രെയിലർ നൽകുന്നു. ഒരു ശാസ്ത്രജ്ഞന്റെ ടൈം മെഷീൻ കണ്ടുപിടുത്തത്തിലൂടെ പഴയ കാലത്തിലേക്ക് സഞ്ചരിക്കാനും സംസാരിക്കാനും കഴിയുന്നതും, പഴയകാല നടി ‘സിൽക്ക്’ സ്മിതയെ കണ്ടുമുട്ടുന്നതും, മാർക്ക് തന്റെ പിതാവ് ആന്റണിയെ കൊല്ലാൻ ശ്രമിക്കുന്നതും ഉൾപ്പെടെയുള്ള ചില രസകരമായ കാര്യങ്ങളും ഒക്കെ ട്രെയിലറിൽ കാണിച്ചു പോകുന്നുണ്ട്.
എസ് ജെ സൂര്യയുടെയും വിശാലിന്റെയും കഥാപാത്രങ്ങളുടെ റെട്രോ ലുക്കുകൾ ഇതിനകം തന്നെ ഇന്റർനെറ്റിൽ വൈറൽ ആയി മാറിയിരുന്നു. തങ്ങളുടെ ശത്രുവിനോട് പ്രതികാരം ചെയ്യാൻ സമയബന്ധിതമായി അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നു, അതും ഒരു ടെലിഫോണിന്റെ സഹായത്തോടെ. പ്രേക്ഷകരിൽ ഇതിനോടൊകം തന്നെ കൗതുകം ഉണർത്തുന്ന പ്രോമോ വീഡിയോകളിലൂടെ ചിത്രത്തിലുള്ള പ്രതീക്ഷ വാനോളമുയരുകയാണ്. ട്രെയിലർ കാണാം:
റിതു വർമ്മ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. സുനിൽ, സെൽവരാഘവൻ, അഭിനയ, കിംഗ്സ്ലി, വൈ ജി മഹേന്ദ്രൻ എന്നിവർ ആണ് സഹതാരങ്ങൾ. സംഗീതം ജി വി പ്രകാശ് കുമാറും ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വിജയ് വേലുക്കുട്ടി ആണ്. പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, കനൽ കണ്ണൻ, ദിനേശ് സുബ്ബരായൻ എന്നിവർ ചേർന്നാണ് ചിത്രത്തിനായി ആക്ഷൻ സീക്വൻസുകൾ ഒരുക്കിയത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ മാർക്ക് ആന്റണി പുറത്തിറങ്ങും. എസ് വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.