‘ടർബോ’ പവറിൽ മമ്മൂക്കയുടെ ഇടി നാളെ മുതൽ; ഓവർസീസിലും ചിത്രത്തിന് റെക്കോർഡ് റിലീസ്…
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ടർബോ നാളെ ആഗോള റിലീസ് ചെയ്യുകയാണ്. കേരളത്തിലെ 400-ഓളം സ്‌ക്രീനുകളിൽ എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ആഗോള തലത്തിൽ ആകെ മൊത്തം 700 -ഓളം ലൊക്കേഷനുകളിലാണ് റിലീസ് ചെയ്യുന്നത്. ഇത്രയും ലൊക്കേഷനുകളിൽ അന്താരാഷ്ട്ര തലത്തിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ടർബോ.
ജർമ്മനി, യു കെ, ഓസ്ട്രേലിയ തുടങ്ങിയ ലൊക്കേഷനുകളിൽ ഒരു മലയാള സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ റിലീസ് സ്വന്തമാക്കിയ ടർബോ, ജപ്പാൻ, കൊറിയ തുടങ്ങിയ പുതിയ മാർക്കറ്റുകളിലും റിലീസ് ചെയ്യുന്നുണ്ട്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖും, നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടിയുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് ടർബോ.
60 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രവും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുമാണ്. മമ്മൂട്ടിയെ കൂടാതെ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി, മലയാള താരം, ശബരീഷ് വർമ്മ, പ്രശസ്ത തെലുങ്ക് നടൻ സുനിൽ, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ആമിന നിജാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ അണിനിരന്നിട്ടുണ്ട്.
ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് വിഷ്ണു ശർമയും എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദുമാണ്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് ടർബോയുടെ ഹൈലൈറ്റെന്നാണ് സൂചന.