മമ്മൂട്ടി കമ്പനിയ്ക്ക് മികച്ച തുടക്കം നൽകി ‘റോഷാക്ക്’; ആദ്യ ദിന കളക്ഷൻ കണക്കുകൾ പുറത്ത്…

പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രത്തിന് ആദ്യ ദിവസം തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും മികച്ച അഭിപ്രായങ്ങൾ നേടാനും സാധിച്ചു എന്നാണ് തിയേറ്ററുകളിലെയും സോഷ്യൽ മീഡിയയിലെയും പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അത് ശരി വെക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ കണക്കുകളും എത്തിയിരിക്കുന്നത്.

മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രം ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 5.5 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടാൻ ആയി എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ബോക്സ് ഓഫീസ് ട്രെയ്ഡ് അനലിസ്റ്റുകളായ ലെറ്റ്സ് സിനിമ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും തീയേറ്ററുകളിലെ ഈവനിംഗ് – നൈറ്റ് ഷോകൾ ഹൗസ് ഫുൾ ആയിരുന്നു എന്നും ലെറ്റ്സ് സിനിമ ട്വീറ്റ് ചെയ്യുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ തിയേറ്റർ റിലീസ് ചിത്രം കൂടിയാണ് റോഷാക്ക്. മികച്ച തുടക്കം തന്നെ മമ്മൂട്ടിയുടെ പുതിയ പ്രൊഡക്ഷൻ കമ്പനിയ്ക്ക് ലഭിച്ചിരിക്കുക ആണ്.
Mammootty’s latest thriller #Rorschach opens to ₹5.5cr+ worldwide. Evening and Night shows went house-full in KBO and GCC. pic.twitter.com/L8wgF7AKzO
— LetsCinema (@letscinema) October 8, 2022
ദുൽഖർ സൽമാന്റെ ഉടമസ്‌ഥതയിലുള്ള വേഫാറർ ഫിലിംസ് ആയിരുന്നു റോഷാക്ക് കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. ചിത്രം ദുൽഖറിന്റെ കമ്പനിയ്ക്കും നേട്ടം ഉണ്ടാക്കുക ആണ്. വരും ദിവസങ്ങളിൽ ചിത്രം മികച്ച പ്രകടനം ബോക്സ് ഓഫീസിൽ കാഴ്ച്ചവെക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ലൂക്ക ആന്റണി എന്ന യൂകെ പൗരനായി ആണ് റോഷാക്കിൽ മമ്മൂട്ടി എത്തിയത്. അടിമുടി നിഗൂഢത നിറഞ്ഞ ഈ കഥാപാത്രം മമ്മൂട്ടിയുടെ അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടികൾ നേടുക ആണ്. ലൂക്ക ആയി മമ്മൂട്ടി ജീവിച്ച ഈ ചിത്രം ടെക്‌നിക്കൽ ക്വാളിറ്റി കൊണ്ടും മികച്ചു നിൽക്കുന്നു. ബിന്ദു പണിക്കർ, കോട്ടയം നസീർ, ജഗദീഷ് എന്നിവരുടെ പ്രകടനങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറുക ആണ്.