ആരാധകരെ ആവേശം കൊള്ളിക്കാൻ മെഗാസ്റ്റാറും; റീ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ മാസ്സ്- ക്ലാസ് ചിത്രങ്ങൾ…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ 73 – ആം ജന്മദിനം പ്രമാണിച്ച് ആരാധകരെ തേടിയെത്തിയത് ആവേശകരമായ അപ്‌ഡേറ്റുകളാണ്. ഗൗതം വാസുദേവ് മേനോൻ- മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കുമാണ് ആദ്യം പുറത്ത് വന്നതെങ്കിൽ, പുറകെ എത്തിയത് ചില ക്ലാസിക് മമ്മൂട്ടി ചിത്രങ്ങളുടെ റീ റിലീസ് അപ്‌ഡേറ്റുകളാണ്. മോഹൻലാൽ നായകനായ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നിവ റീ റീലിസ് ചെയ്ത് വമ്പൻ ഹിറ്റുകളായതിന് പിന്നാലെയാണ് ഇപ്പോൾ മമ്മൂട്ടി ചിത്രങ്ങളുമെത്തുന്നത്.
രഞ്ജിത് സംവിധാനം ചെയ്ത ചിത്രമായ ‘പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിൻന്റെ കഥ’യാണ് ആദ്യം റീ റിലീസ് ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രം. സെപ്റ്റംബർ ഇരുപതിനാണ് ഈ ചിത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുക. ചിത്രത്തിന്റെ 4K അറ്റ്മോസിൽ അപ്ഗ്രേഡ് ചെയ്ത പതിപ്പാണ് റീ റിലീസ് ചെയ്യാൻ പോകുന്നത്. ഇത് കൂടാതെ ഷാജി കൈലാസ്- മമ്മൂട്ടി ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ വല്യേട്ടനും റീമാസ്റ്റർ ചെയ്യുന്ന പ്രക്രിയ നടക്കുകയാണ്. അടുത്ത വർഷം ഓണത്തിന് വല്യേട്ടൻ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.
മമ്മൂട്ടി- ഹരിഹരൻ ടീമിന്റെ ക്ലാസിക് ഹിറ്റ് ഒരു വടക്കൻ വീരഗാഥയും റീമാസ്റ്റർ ചെയ്യുന്നുണ്ട് എന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇവ കൂടാതെ മോഹൻലാൽ നായകനായ ആറാം തമ്പുരാൻ, തേന്മാവിൻ കൊമ്പത്ത്, ഇരുവർ, ദിലീപ് നായകനായ വെട്ടം എന്നിവയും റീമാസ്റ്റർ ചെയ്ത് പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങൾ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ കൊതിക്കുന്നവർക്കുള്ള വലിയ അവസരമാണ് റീമാസ്റ്ററിങ് ചെയ്ത് റീ റിലീസ് ചെയ്യുന്ന ഈ ട്രെൻഡ് സമ്മാനിക്കുന്നത്.