ഒരിക്കല്‍ക്കൂടി മമ്മൂട്ടിയും മോഹന്‍ലാലും ബോക്സ്‌ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു!
മോഹന്‍ലാല്‍ – മമ്മൂട്ടി ബോക്സ് ഓഫീസ് പോരാട്ടങ്ങള്‍ എന്നും മലയാളികളെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരിക്കൽ കൂടി മോഹൻലാൽ – മമ്മൂട്ടി ബോക്സ് ഓഫീസ് പോരാട്ടത്തിന് മലയാള സിനിമ സാക്ഷ്യംവഹിക്കാന്‍ പോകുന്നു . മോഹന്‍ലാല്‍ ഈ വര്‍ഷത്തെ ആദ്യ റിലീസുമായി വരുമ്പോള്‍ മറു വശത്ത് മമ്മൂട്ടിയും ഉണ്ടാകും എന്നാണ് സൂചന.
ഈ വർഷം ഈദിനാണ് മോഹൻലാൽ – മമ്മൂട്ടി ബോക്സ് ഓഫീസിൽ യുദ്ധം അരങ്ങേറുക. ഇപ്പോൾ വരുന്ന സൂചനകൾ പ്രകാരം മോഹൻലാലിന്‍റെ ഈ വർഷത്തെ ആദ്യ റിലീസ് ആയ അജോയ് വർമ്മ ചിത്രം നീരാളി തിയേറ്ററിൽ എത്തുന്നത് ജൂൺ 14 ന് ആണ്. അതോടൊപ്പം ഈദ് റിലീസ് ആയി മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികളും എത്തുകയാണ്. ജൂൺ 15 ന് ആയിരിക്കും മമ്മൂട്ടി ചിത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിലപ്പോൾ രണ്ട് ചിത്രങ്ങളും ഒരേ ദിവസം തന്നെ റിലീസ് ചെയ്യാനും സാധ്യതയുണ്ട്.
അബ്രഹാമിന്‍റെ സന്തതികൾ സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാജി പാടൂർ ആണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്‍റെ ബാനറിൽ ടി എൽ ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. ഹനീഫ് അദനി ആണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. നീരാളി എന്ന ചിത്രവും ഒരു ത്രില്ലർ ആണ്. ഒരു ഡ്രാമ ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ സാജു തോമസ് ആണ്. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നീരാളിയിൽ മോഹൻലാൽ സണ്ണി എന്ന കഥാപാത്രമായി എത്തുമ്പോൾ അബ്രഹാമിന്‍റെ സന്തതികളിൽ മമ്മൂട്ടി എത്തുന്നത് ഡെറിക് അബ്രഹാം ആയാണ്. അവസാനം മോഹൻലാൽ – മമ്മൂട്ടി ബോക്സ് ഓഫീസ് പോരാട്ടം നമ്മൾ കണ്ടത് പുലിമുരുകൻ – തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങൾ തമ്മിലും, വെളിപാടിന്‍റെ പുസ്തകം- പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങൾ തമ്മിലുമാണ്. ഈ രണ്ട് തവണയും മോഹൻലാൽ ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ നേട്ടം ഉണ്ടാക്കിയത്. ഇത്തവണ മോഹന്‍ലാലിന്‍റെ നീരാളിയെ പിടിക്കാൻ മമ്മൂട്ടിയുടെ അബ്രഹാമിന് സാധിക്കുമോ എന്ന് നമുക്ക് കണ്ടറിയാം.