“ഇനി യാത്ര അയ്യപ്പനൊപ്പം”; ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ തീയേറ്ററുകളിൽ…

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മാളികപ്പുറം’ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ആക്ഷനും ഗാനങ്ങളും ഇമോഷനുകളും എല്ലാം അടങ്ങിയ മാസ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആണ് നായക വേഷത്തിൽ എത്തുന്നത്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുക്കിയ ചിത്രത്തിന് തിരക്കഥ രചിച്ചത് അഭിലാഷ് പിള്ള ആണ്. മുൻപ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഒക്കെ തന്നെയും മികച്ച അഭിപ്രായങ്ങൾ ആയിരുന്നു പ്രേക്ഷകരിൽ നിന്ന് നേടിയത്. അതുകൊണ്ട് തന്നെ ഈ വർഷം അവസാനം എത്തുന്ന വലിയ പ്രതീക്ഷയുള്ള മലയാള ചിത്രമായി മാളികപ്പുറം മാറുകയും ചെയ്തു.
‘ഇനി യാത്ര അയ്യപ്പനൊപ്പം’ എന്ന ക്യാപ്ഷനോടെ ആണ് ചിത്രത്തിന്റെ റിലീസ് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. രണ്ട് കുട്ടികൾ അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് പോകുന്ന വഴിയിൽ പേര് വെളിപ്പെടുത്താത്ത ഒരാളെ കണ്ടുമുട്ടുന്നതും തുടർന്നുള്ള അവരുടെ യാത്രയിലൂടെയും ഒക്കെയാണ് ചിത്രം പുരോഗമിക്കുക എന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ഉണ്ണിയോടൊപ്പം ബാല താരം ദേവാനന്ദയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, സമ്പത്ത് റാം, ശ്രീപത്, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.