മോഹൻലാൽ – മമ്മൂട്ടി ചിത്രമൊരുക്കാൻ മഹേഷ് നാരായണൻ; ചിത്രീകരണം ശ്രീലങ്കയിൽ?
മലയാളത്തിന്റെ മെഗാതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് ചിത്രമൊരുക്കാൻ പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ. അടുത്ത വർഷം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്ക, കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിലായാണ് നടക്കുക എന്ന് ഇ ടി വി ഭാരത് റിപ്പോർട്ട് ചെയ്യുന്നു.
ശ്രീലങ്കയിൽ 30 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാവുകയെന്നും, അതിന് അനുവാദം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ മഹേഷ് നാരായണൻ, നിർമ്മാതാക്കളായ ആന്റോ ജോസഫ്, സി വി സാരഥി എന്നിവർ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയെ സെപ്റ്റംബർ 15 നു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നും ഇ ടി വി ഭാരത് റിപ്പോർട്ട് ചെയ്തു. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു എന്നും വാർത്തയിൽ പറയുന്നു.
ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ രാജ്യത്തേക്ക് കൂടുതൽ സിനിമാ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ ഗവൺമെന്റ് ശ്രമിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ശ്രീലങ്കയിലെ വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാധ്യത എടുത്തു കാണിച്ചു കൊണ്ട് ശ്രീലങ്കയെ ഈ സിനിമയുടെ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണവർധന നന്ദി അറിയിക്കുകയും ചെയ്തു.
ആശീർവാദ് സിനിമാസ്, മമ്മൂട്ടി കമ്പനി, ആന്റോ ജോസഫ് ഫിലിം കമ്പനി തുടങ്ങിയവർ ഒന്നിക്കുന്ന ഒരു മെഗാ പ്രൊജക്റ്റ് ആയിരിക്കും ഇതെന്നാണ് ആദ്യ സൂചന. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, സുരേഷ് ഗോപി എന്നിവരുടെ പേരുകളും മഹേഷ് നാരായണൻ ചിത്രവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.