മാമാങ്കത്തിൽ ബോളിവുഡ് താരവും; രണ്ടാം ഷെഡ്യൂൾ മെയ് പതിനൊന്നിന്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റായി ഒരുങ്ങാൻ പോകുന്ന ചിത്രമാണ് മാമാങ്കം. പതിനേഴാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജീവ് പിള്ളൈ ആണ്. കാവ്യാ ഫില്മിസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയിൽ മംഗലാപുരത്തു തുടങ്ങിയിരുന്നു. പന്ത്രണ്ടു ദിവസത്തെ ഒരു ചെറിയ ഷെഡ്യൂൾ ആയിരുന്നു അത്. ഇപ്പോഴിതാ മുപ്പതു ദിവസത്തെ രണ്ടാം ഷെഡ്യൂൾ മെയ് പതിനൊന്നു ആരംഭിക്കാൻ പോവുകയാണ്.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു, ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ബോളിവുഡ് താരമായ പ്രാചി ദേശായി ആണ്. റോക്ക് ഓൺ, ലൈഫ് പാർട്ണർ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ പ്രശസ്തയായ നടിയാണ് പ്രാചി. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത് മാമാങ്കത്തിന് വേണ്ടി പ്രാചി കളരി അഭ്യാസ മുറകൾ പഠിക്കുകയാണ് എന്നാണ്. ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കളരി അടിസ്ഥാനക്കിയാണ് ഒരുക്കുന്നത്. പ്രാചിയെ കൂടാതെ മറ്റു രണ്ടു നായികമാർ കൂടി ഈ ചിത്രത്തിൽ ഉണ്ടെന്നും, അവർ മൂന്നാമത്തെ ഷെഡ്യൂളിൽ ആവും ജോയിൻ ചെയ്യുക എന്നുമാണ് വാർത്തകൾ വരുന്നത്.
നീരജ് മാധവ്, ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് വി എഫ് എക്സ് ഒരുക്കുന്നത് ബാഹുബലിയിൽ വി എഫ് എക്സ് നൽകിയ ടീം ആണ്. കെച്ചയാണ് മാമാങ്കത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത്.
ജിം ഗണേഷ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകനായ സജീവ് പിള്ളൈ തന്നെയാണ്. അടുത്ത വർഷം വിഷുവിനാണ് മാമാങ്കം തീയേറ്ററുകളിൽ എത്തുക. ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന് വേണ്ടി കൊച്ചിയിൽ വമ്പൻ സെറ്റ് ആണ് ഒരുങ്ങുന്നത്.