ദിനേശനും ശോഭയുമായി നിവിനും നയൻതാരയും എത്തുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ ഉടൻ തുടങ്ങും!
യുവതാരം നിവിൻ പോളി നായകനായി എത്തിയ ഹേ ജൂഡ് മികച്ച പ്രതികരണം ആണ് നേടുന്നത്. നിവിവിന്‍റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ഹേ ജൂഡ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ, റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി എന്നിവയാണ് നിവിന്റേതായി ഇനി തീയേറ്ററുകളിൽ എത്താനുള്ള ചിത്രങ്ങൾ. ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ചു, നിവിന്‍റെ പുതിയ ചിത്രമായ ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം അധികം വൈകാതെ തന്നെ ആരംഭിക്കും എന്നാണ്.
ധ്യാൻ ശ്രീനിവാസൻ സംവിധായകനാകുന്ന ഈ ചിത്രത്തിൽ നയൻതാര ആണ് നായികാ വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിനായി നിവിൻ ശരീര ഭാരം കുറച്ചു കൂടുതൽ ചെറുപ്പമായാവും എത്തുക. ഹേ ജൂഡിന് വേണ്ടി ശരീര ഭാരം വര്‍ദ്ധിപ്പിച്ച നിവിൻ, കായംകുളം കൊച്ചുണ്ണിക്ക് വേണ്ടിയും ശരീര ഭാരം നില നിർത്തിയിരുന്നു. അജു വർഗീസ് നിർമ്മാതാവാവുന്ന ലവ് ആക്ഷൻ ഡ്രാമയിൽ ദിനേശൻ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുക. നയൻതാര ശോഭ എന്ന കഥാപാത്രമായെത്തും. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം.
ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. നേരത്തെ ധ്യാൻ ശ്രീനിവാസൻ രചിച്ച ഗൂഢാലോചന എന്ന തോമസ് സെബാസ്റ്റ്യൻ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നില്ല. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്. വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിൽ ദിനേശൻ – ശോഭ എന്നീ കഥാപാത്രങ്ങളെയാണ് ശ്രീനിവാസനും പാർവതിയും അവതരിപ്പിച്ചത്.
ഇപ്പോൾ കായംകുളം കൊച്ചുണ്ണി പൂർത്തിയാക്കുന്ന തിരക്കിൽ ഉള്ള നിവിൻ, അതിനു ശേഷം ലവ് ആക്ഷൻ ഡ്രാമയിൽ ജോയിൻ ചെയ്യും. കായംകുളം കൊച്ചുണ്ണിയിൽ നിവിനൊപ്പം സുപ്പര്‍താരം മോഹൻലാലും അഭിനയിക്കുന്നുണ്ട്. ഇത്തിക്കര പക്കി ആയി ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.