ഇത്തിക്കരപക്കി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; കായംകുളം കൊച്ചുണ്ണി തമിഴ് പതിപ്പ് ഒരുക്കുന്നത് ബാഹുബലിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മദന്‍ കാര്‍ക്കി!
റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി വലിയ തയ്യാറെടുപ്പുകളോടെ ആണ് പൂർത്തിയാക്കിയത്. ചിത്രത്തിന്‍റെ ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നപ്പോൾ വലിയ തയ്യാറെടുപ്പുകൾ വെറുതെ ആയിട്ടില്ല എന്ന ആദ്യ സൂചന പ്രേക്ഷകര്‍ക്ക് നൽകിയിരുന്നു. ഇപ്പോൾ ഇതാ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്തയും പുറത്തുവന്നിരിക്കുക ആണ്.
കായംകുളം കൊച്ചുണ്ണി മലയാളത്തിന് പുറമെ മൊഴിമാറ്റി തമിഴിലും പുറത്തിറങ്ങും എന്നതാണ് പുതിയ വാർത്ത. മാലൈക്കള്ളൻ എന്നാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പിന് നൽകിയിരിക്കുന്ന പേര്. ബാഹുബലി തമിഴ് പതിപ്പിന് കരുത്തുള്ള സംഭാഷണങ്ങൾ ഒരുക്കിയ മദൻ കാർക്കി ആണ് കായംകുളം കൊച്ചുണ്ണിയുടെ പിന്നിലും പ്രവർത്തിക്കുക.
നിവിൻ പൊളി നായക കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇത്തിക്കരപക്കിയുടെ വേഷത്തിൽ അതിഥി താരമായി സൂപ്പർതാരം മോഹൻലാലും എത്തുന്നുണ്ട്. ഇത്തിക്കരപക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബോബി സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ തമിഴ് നടി പ്രിയ ആനന്ദ് ആണ് നായിക.
വലിയ ബജറ്റിൽ ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ ആണ്. ഓണത്തിന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. മലയാളവും തമിഴും കൂടാതെ തെലുങ്കിലും ചിത്രം എത്തും എന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.