in

‘ലോക’ തീർത്ത തരംഗം; നാലാം ദിനം ഷോകൾ രാവിലെ 6 മണി മുതൽ

‘ലോക’ തീർത്ത തരംഗം; നാലാം ദിനം ഷോകൾ രാവിലെ 6 മണി മുതൽ

ദുൽഖർ സൽമാൻ്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് നാലാം ദിനമായ ഞായറാഴ്ച കേരളത്തിലെ തിയേറ്ററുകളിൽ രാവിലെ 6 മണി മുതൽ പ്രത്യേക പ്രദർശനങ്ങൾ ആരംഭിക്കുന്നു എന്ന അപൂർവ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്താണ് വിതരണക്കാർ ഈ തീരുമാനമെടുത്തത്.

ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമാണ്. കേരളത്തിലെ മുന്നൂറിലധികം സ്ക്രീനുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ‘ലോക’യ്ക്ക് പാൻ-ഇന്ത്യൻ തലത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലെ ഐതിഹ്യമാലയിലെ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്.

ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി പ്രിയദർശൻ്റെ പ്രകടനം ഏറെ പ്രശംസ നേടുന്നുണ്ട്. നസ്‌ലൻ, സാൻഡി, ചന്തു സലിംകുമാർ, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ ചില കാമിയോ റോളുകളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് നേരിട്ട് വിതരണത്തിനെത്തിച്ചപ്പോൾ, തമിഴ്‌നാട്ടിൽ എജിഎസ് സിനിമാസ്, തെലുങ്കിൽ സിതാര എൻ്റർടൈൻമെൻ്റ്സ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, ഉത്തരേന്ത്യയിൽ പെൻ മരുധാർ എന്നിങ്ങനെ പ്രമുഖ വിതരണക്കാരാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്.

നിമിഷ് രവി ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിർവഹിച്ച ചിത്രത്തിൻ്റെ സാങ്കേതിക മികവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചമൻ ചാക്കോയാണ് എഡിറ്റർ. വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് വിലയിരുത്തൽ.

ദുൽഖർ സൽമാന്റെ ദീർഘവീക്ഷണത്തിന് കയ്യടി, പുതിയ ചരിത്രമെഴുതി ‘ലോക’

ജന്മദിന സമ്മാനമായി ‘കത്തനാർ’ ഫസ്റ്റ് ലുക്ക്; ഞെട്ടിക്കുന്ന മേക്കോവറിൽ ജയസൂര്യ!