വേഫെറർ ഫിലിംസിന്റെ സൂപ്പർ ഹീറോ ചിത്രം ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ടീസർ ജൂലൈ 28-ന്

മലയാള സിനിമയിൽ പുതിയൊരു സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിക്കുന്ന ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രത്തിന്റെ ടീസർ വരുന്ന ജൂലൈ 28-ന് പുറത്തിറങ്ങും. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് ഒരുക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
കല്യാണി പ്രിയദർശൻ കേന്ദ്ര സൂപ്പർഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നസ്‌ലനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ലോക’ എന്ന് പേരിട്ടിരിക്കുന്ന ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’. ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യാനുഭവമായിരിക്കും ‘ലോക’ സമ്മാനിക്കുക എന്ന സൂചന നൽകിയിരുന്നു.
ചന്തു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മലയാളത്തിലെ മുൻനിര സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാണ്. നിമിഷ് രവി ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും ഒരുക്കുമ്പോൾ ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.