ആളൂർ വക്കീൽ സിനിമയൊരുക്കുന്നു; ആളൂരിനൊപ്പം ദിലീപും?
വിവാദമായ പല കേസുകളിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായി മാധ്യമ ശ്രദ്ധനേടിയ പ്രശസ്ത ക്രിമിനൽ വക്കീൽ ആണ് അഡ്വക്കേറ്റ് ആളൂർ. ജനശ്രദ്ധ പിടിച്ചു പറ്റിയ പല കേസുകളിലും പ്രതികൾക്ക് വേണ്ടി ഹാജരായ അദ്ദേഹം ഒരു തരത്തിൽ പറഞ്ഞാൽ ജനങ്ങൾക്കിടയിൽ അധികവും നെഗറ്റീവ് പബ്ലിസിറ്റി ആണ് നേടിയിരുന്നത് എന്ന് പറയാം. അദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ വില്ലൻ വേഷങ്ങളിലും ഉപയോഗിച്ചിട്ടുണ്ട് നമ്മുടെ സംവിധായകർ. എന്നാൽ ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത് ആളൂർ വക്കീൽ സിനിമ നിർമ്മിക്കാൻ പോകുന്നു എന്നാണ്.
എന്നാൽ അതോടൊപ്പം കേൾക്കുന്ന മറ്റൊരു വാർത്തയാണ് അതിലും ജനശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ അദ്ദേഹത്തിന്‍റെ ഒപ്പം നിർമ്മാണ പങ്കാളി ആയി ജനപ്രിയ നടൻ ദിലീപും എത്താൻ സാധ്യതയുണ്ടെന്നാണു ഇനിയും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ത്രില്ലർ ആയി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ആളൂർ തന്നെയാണ്. സലിം ഇന്ത്യ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്.
നിർമ്മാണത്തിനൊപ്പം ദിലീപ് ഈ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ ചിത്രത്തിൽ അഭിനയിക്കാനായി അനുഷ്ക ഷെട്ടി, വിദ്യ ബാലൻ, വരലക്ഷ്മി ശരത് കുമാർ എന്നിവരെയും താൻ സമീപിച്ചു എന്നാണ് ആളൂർ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്. ആളൂർ സ്വന്തം പേരിൽ തന്നെ പ്രത്യക്ഷപ്പെടാൻ പോകുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടിയെയും സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
ആളൂർ പ്രത്യക്ഷപ്പെട്ട പ്രശസ്ത കേസുകൾ ആയ സൗമ്യ, ജിഷ വധകേസുകളുടെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന സൂചനയും ലഭിക്കുന്നു. അഡ്വ. ബിജു ആന്റണി ആളൂർ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ഏതായാലും ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനത്തിനും അതിൽ ദിലീപ് ഉണ്ടാവുമോ എന്ന ചോദ്യത്തിനുത്തരത്തിനും കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.