“ഭാഷ മനസിലാകില്ല, പക്ഷേ കിടിലൻ വൈബ്”; ബ്രൊമാൻസ് സിനിമയിലെ കല്യാണ പാട്ട് തരംഗമാകുന്നു…
അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ‘ബ്രൊമാൻസ്’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. കൊടവ വെഡിങ് സോങ് എന്ന പേരിൽ പുറത്ത് വന്നിരിക്കുന്ന ഈ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. മലയാള ചിത്രത്തിലെ ഈ ഗാനം മലയാളത്തിൽ അല്ല ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കൊടവ ഭാഷയിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത് ഹെഗ്‌ഡെ, രചിച്ചിരിക്കുന്നത് കിരൺ കവേരാപ്പ എന്നിവരാണ്. ഗോവിന്ദ് വസന്തയാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. കർണാടകയിലെ കൊടക് ഭാഗത്തു സംസാരിക്കുന്ന തദ്ദേശീയമായ ഭാഷയാണ് കൊടവ. ആ ഭാഷയിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ്, സംഗീത് പ്രതാപ്, കലാഭവൻ ഷാജോൺ എന്നിവരുടെ കിടിലൻ നൃത്ത ചുവടുകളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
2025 ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബിനു പപ്പു, ശ്യാം മോഹന്‍, ഭരത് ബൊപ്പണ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ചമന്‍ ചാക്കോ ആണ്. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രൊമാൻസ്’.