ആദ്യ ദിനം ‘ഹൃദയപൂർവ്വം’ 8.42 കോടി, ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’യ്ക്ക് 6.66 കോടി; കളക്ഷൻ റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ ദിവസം എത്തിയ ഓണം റിലീസുകൾക്ക് ബോക്സ് ഓഫീസിൽ മിന്നും തുടക്കം. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘ഹൃദയപൂർവ്വം’, ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ എത്തിയ സൂപ്പർഹീറോ ചിത്രം ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ എന്നിവയാണ് ആദ്യ ദിനം തന്നെ കോടികളുടെ കളക്ഷൻ സ്വന്തമാക്കിയത്.
ഓഗസ്റ്റ് 28-ന് റിലീസ് ചെയ്ത ‘ഹൃദയപൂർവ്വം’ ഈ വർഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഓപ്പണിംഗ് ചിത്രമായി മാറി. ആദ്യ ദിനം ലോകമെമ്പാടുമായി ചിത്രം നേടിയത് 8.42 കോടി രൂപയാണ്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടുന്ന ചിത്രം, ഈ വർഷം ‘എമ്പുരാൻ’, ‘തുടരും’ എന്നിവയ്ക്ക് ശേഷം മോഹൻലാലിന് തുടർച്ചയായ മൂന്നാം ബ്ലോക്ക്ബസ്റ്റർ വിജയമാണ് സമ്മാനിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 3.26 കോടി രൂപ നേടിയപ്പോൾ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 60 ലക്ഷം രൂപയും വിദേശ മാർക്കറ്റുകളിൽ നിന്ന് 4.56 കോടി രൂപയും ചിത്രം സ്വന്തമാക്കി.
അതേസമയം, മലയാളത്തിൽ പുതിയൊരു സൂപ്പർഹീറോ യൂണിവേഴ്സിന് തുടക്കമിടുന്ന ‘ലോക’യും ഒട്ടും പിന്നിലായില്ല. കല്യാണി പ്രിയദർശൻ, നസ്ലെൻ, സാൻഡി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആദ്യ ദിനം ആഗോളതലത്തിൽ 6.66 കോടി രൂപ നേടി. കേരളത്തിൽ നിന്ന് 2.70 കോടിയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 51 ലക്ഷവും നേടിയ ചിത്രത്തിന്റെ വിദേശ കളക്ഷൻ 3.45 കോടി രൂപയാണ് (391K ഡോളർ). പ്രേക്ഷകരുടെ വൻ തിരക്ക് കാരണം കേരളത്തിൽ റിലീസ് ദിവസം തന്നെ 130-ൽ അധികം അർദ്ധരാത്രി പ്രദർശനങ്ങൾ സംഘടിപ്പിക്കേണ്ടി വന്നു.
ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസ് നിർമ്മിച്ച ‘ഹൃദയപൂർവ്വം’ ഒരു ഫീൽ-ഗുഡ് ഫാമിലി എന്റർടെയ്‌നറാണ്. മോഹൻലാൽ-സംഗീത് പ്രതാപ് കൂട്ടുകെട്ടിന്റെ കോമഡി രംഗങ്ങൾ ഇതിനകം തന്നെ പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു. മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ലാലു അലക്സ്, ബേസിൽ ജോസഫ്, മീര ജാസ്മിൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’ കേരളത്തിലെ കള്ളിയങ്കാട്ട് നീലി എന്ന ഐതിഹ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും രണ്ടാം ദിവസത്തോടെ കളക്ഷനിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ.


