72 കോടിയും കടന്ന് ‘ഹൃദയപൂർവം’; ഈ വർഷം കളക്ഷൻ നേടിയ നാലിൽ മൂന്നും മോഹൻലാൽ ചിത്രങ്ങൾ

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘ഹൃദയപൂർവം’ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത് ഇരുപതോളം ദിവസങ്ങൾ പിന്നിടുമ്പോൾ 72 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള കളക്ഷൻ. എമ്പുരാൻ (265 കോടി), തുടരും (233 കോടി) എന്നിവക്ക് ശേഷം ഈ ചിത്രത്തിലൂടെ ഹാട്രിക് വിജയം ആണ് മോഹൻലാൽ നേടിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് ഇതിനോടകം 39 കോടിയോളം കളക്ഷൻ നേടിയ ചിത്രം വിദേശത്ത് നിന്ന് നേടിയത് 29 കോടി രൂപയോളം ആണ്. 4 കോടി 10 ലക്ഷത്തോളമാണ് ചിത്രത്തിൻ്റെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ. വരുന്ന വീക്കെൻ്റോടെ ചിത്രം 75 കോടി ആഗോള കളക്ഷനും, 41 കോടിക്ക് മുകളിൽ കേരള കളക്ഷനും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സത്യൻ അന്തിക്കാടിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് കൂടിയാണ് “ഹൃദയപൂർവ്വം”. 54 കോടി ആഗോള കളക്ഷൻ നേടിയ സത്യൻ അന്തിക്കാട് – ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശൻ്റെ റെക്കോർഡ് ആണ് ഹൃദയപൂർവം മറികടന്നത്. അതിനൊപ്പം 64 കോടി ആഗോള കളക്ഷൻ നേടിയ ആലപ്പുഴ ജിംഖാനയെ മറികടന്ന ചിത്രം 2025 ലെ ഏറ്റവും വലിയ നാലാമത്തെ ബോക്സ് ഓഫീസ് ഹിറ്റ് കൂടിയായി മാറി. എംപുരാൻ, ലോക, തുടരും എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ 2025 ൽ നേടിയ ചിത്രമാണിത്.
ഈ വർഷം ഇതോടെ മോഹൻലാൽ ചിത്രങ്ങൾ മാത്രം ആഗോള തലത്തിൽ സ്വന്തമാക്കിയത് 570 കോടി രൂപക്ക് മുകളിലാണ്. കേരളത്തിൽ നിന്ന് മാത്രം 244 കോടി രൂപയാണ് 3 മോഹൻലാൽ ചിത്രങ്ങൾ ചേർന്ന് നേടിയത്. അഖിൽ സത്യൻ്റെ കഥക്ക് സോനു ടിപി തിരക്കഥ രചിച്ച ഹൃദയപൂർവം നിർമ്മിച്ചത് ആശീർവാദ് സിനിമാസ് ആണ്. സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.