in

‘ഈ കഥാപാത്രം ഞാൻ ചെയ്യാം, പ്രതിഫലം വേണ്ട’; അങ്കിൾ തിരക്കഥ വായിച്ച മമ്മൂട്ടി പറഞ്ഞു!

‘ഈ കഥാപാത്രം ഞാൻ ചെയ്യാം, പ്രതിഫലം വേണ്ട’; അങ്കിൾ തിരക്കഥ വായിച്ച മമ്മൂട്ടി പറഞ്ഞു!

ഒരുപാട് പ്രതീക്ഷയോടെ അങ്കിൾ എന്ന ചിത്രം തീയേറ്ററുകളിൽ ഈ വരുന്ന വെള്ളിയാഴ്ച എത്തുക ആണ്. നിരൂപ പ്രശംസയും പുരസ്കാരങ്ങളും ഒപ്പം പ്രേക്ഷക പ്രീതിയും നേടിയ ഷട്ടർ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളത്തിന്‍റെ മഹാ നടൻ മമ്മൂട്ടി ആണ്. പ്രേക്ഷകർക്ക് നല്ല പ്രതീക്ഷ നൽകാൻ ഈ കാരണങ്ങൾ തന്നെ ധാരാളം. ചിത്രം റിലീസിന് അടുക്കുമ്പോൾ മമ്മൂട്ടി ഈ ചിത്രത്തിലേക്ക് എത്തിയത് എങ്ങനെ എന്നത് ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ ജോയ് മാത്യു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

പുത്തൻപണം എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടിയോട് അങ്കിളിന്‍റെ കഥ പറയുന്നത്. വായിക്കാനായി അദ്ദേഹത്തിന് തിരക്കഥയും ജോയ് മാത്യു നൽകി. തിരക്കഥ വായിച്ച മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ: ‘ഇതിലെ കെ കെ എന്ന കഥാപാത്രം ഞാൻ ചെയ്യാം’. എന്നാൽ അതിനുള്ള സാമ്പത്തികം ഈ ചിത്രത്തിനില്ല എന്ന് ജോയ് മാത്യു മറുപടി നൽകി. പണം ചോദിച്ചില്ലല്ലോ എന്നായി മമ്മൂട്ടി. എന്നാലും എന്തേലും തരണമെല്ലോയെന്ന് ജോയ് മാത്യു. ഒന്നും വേണ്ട എന്ന് മമ്മൂട്ടി വീണ്ടും പറഞ്ഞു.

“എങ്കിലും ഞാൻ ചെക്ക് നൽകി, അത് വാങ്ങിച്ചിട്ട് അദ്ദേഹം പറഞ്ഞത്, ‘നീയെപ്പോൾ പറയുന്നോ അപ്പോൾ മാത്രമേ ഈ ചെക്ക് ഞാൻ മാറാൻ കൊടുക്കൂ’ എന്നാണ്. ഇപ്പോൾ ഈ നിമിഷം വരെ മമ്മൂക്കയ്ക്ക് മുഴുവൻ പണവും നൽകിയിട്ടില്ല.”: ജോയ് മാത്യു പറഞ്ഞു

തന്‍റെ കഥയിലെയും തിരക്കഥയിലെയും കേന്ദ്ര കഥാപാത്രങ്ങളെല്ലാം താൻ തന്നെ ആണെന്നും, അതെ പോലെ മമ്മൂട്ടി ആവശ്യപ്പെട്ട കഥാപാത്രം തനിക്ക് വേണ്ടി തന്നെ എഴുതപ്പെട്ട കഥാപാത്രം ആയിരുന്നു എന്നും ജോയ് മാത്യു പറയുന്നു. എന്നാൽ മമ്മൂട്ടിയെ പോലെ സിനിമയോട് അത്രമാത്രം പാഷൻ ഉള്ള ഒരാളെ നമുക്ക് വേണ്ടെന്ന് വെക്കാനാവില്ല എന്നും അദ്ദേഹത്തിന്‍റെ ധൈര്യം ആണ് ഈ സിനിമയെ ഒരു മമ്മൂട്ടി ചിത്രമാക്കി മാറ്റിയത് എന്നും ജോയ് മാത്യു പറഞ്ഞു.

ഷട്ടർ പുറത്തിറങ്ങി ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. മമ്മൂട്ടി നായകനാവുന്നു. തിരക്കഥ വായിച്ച മമ്മൂട്ടി ജോയ് മാത്യുവിനോട് ചോദിച്ചു വാങ്ങിയ വേഷം. അങ്കിളിൽ മമ്മൂട്ടിയെ പോലെ ഒരു മഹാ നടനെ ആകർഷിച്ച ചിലതൊക്കെ ഉണ്ടെന്ന് ഉറപ്പ്. പ്രേക്ഷർക്കായി ജോയ് മാത്യു ഒരുക്കി വെച്ചിരിക്കുന്നത് എന്തായിരിക്കും എന്നറിയാൻ ഈ വെള്ളിയാഴ്ച വരെ കാത്തിരുന്നാൽ മതി.

‘അങ്കിൾ ആള് അടിപൊളി ആണെല്ലോ’; മമ്മൂട്ടി ചിത്രം അങ്കിൾ രണ്ടാം ടീസർ പുറത്തിറങ്ങി!

123 ദിവസങ്ങൾ നീണ്ട ചിത്രീകരണം; ഒടിയൻ ചിത്രീകരണം പൂർത്തിയായി!