ബോളിവുഡ് ചിത്രത്തില്‍ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത് വിരാട് കോഹ്ലിയുടെ വേഷം?
കാർവാൻ എന്ന ചിത്രത്തിലൂടെ മലയാളത്തിന്‍റെ യുവതാരം ദുൽഖർ സൽമാൻ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരോടൊപ്പം ദുൽഖറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം റിലീസ് ചെയ്യുകയും മികച്ച നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ദുൽഖർ സൽമാൻ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രവും വാർത്തകളിൽ നിറയുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയ വിരാട് കോഹ്ലി ആയാണ് ദുൽകർ തന്‍റെ രണ്ടാമത്തെ ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പ്രചരിക്കുന്നത്.
സോയ ഫാക്ടർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തുന്നത് പ്രശസ്ത ബോളിവുഡ് താരമായ സോനം കപൂർ ആണ്. ഇതേ പേരിൽ അനുജ ചൗഹാൻ എഴുതിയ ഒരു നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം. ഇതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയാണ് ദുൽഖർ സൽമാൻ അഭിനയിക്കുന്നത്.
ഇന്ത്യ ആദ്യമായി വേൾഡ് കപ്പ് നേടിയ 1983 ഇൽ ജനിക്കുന്ന ഒരു പെൺകുട്ടിയാണ് സോയ. അവൾ കൊണ്ട് വന്ന ഭാഗ്യമാണ് ഇന്ത്യയുടെ വിജയത്തിന് കാരണം എന്ന ഒരു വിശ്വാസം അതോടെ പരക്കുന്നു. അതോടെ 2011 ലോക കപ്പിന് അവളുടെ ആ ഭാഗ്യം ഉപയോഗിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം തീരുമാനിക്കുന്നതാണ് ഈ ചിത്രത്തിന്‍റെ കഥ.
ദുൽഖർ ഈ ചിത്രത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയാണ് അഭിനയിക്കുന്നത് എങ്കിലും അത് വിരാട് കോഹ്‌ലിയുടെ കഥാപാത്രം ആണോ എന്ന് അണിയറ പ്രവർത്തകർ ഉറപ്പിച്ചു പറഞ്ഞിട്ടില്ല. കാരണം, 2011 ഇൽ ലോക കപ്പ് ജയിച്ച ടീമിൽ വിരാട് കോഹ്ലി ഉണ്ടായിരുന്നു എങ്കിലും ടീമിന്‍റെ ക്യാപ്റ്റൻ എം എസ് ധോണി ആയിരുന്നു. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി ദുൽഖർ സൽമാൻ ക്രിക്കറ്റ് പരിശീലിക്കുകയാണ് എന്ന് വാർത്തകൾ വന്നിരുന്നു.