“ഞങ്ങൾ ഹൃദയം കൊണ്ട് സിനിമ ഉണ്ടാക്കുകയാണ്”; മോഹൻലാൽ ചിത്രത്തിന്റെ പേര് ചോദിച്ച ആരാധകന് മറുപടിയുമായി സംവിധായകൻ

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം ഷെഡ്യൂൾ ബ്രേക്ക് ആയിരിക്കുകയാണ്. L360 എന്ന താല്ക്കാലിക പേരിലറിയപ്പെടുന്ന ഈ ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്ക് ആയ വിവരം, ഒരു ലൊക്കേഷൻ സ്റ്റിൽ പങ്ക് വെച്ച് കൊണ്ട് സംവിധായകൻ തരുൺ തന്നെയാണ് പുറത്ത് വിട്ടത്. എഴുപത് ദിവസത്തിലധികമായി ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി നടന്നു വരികയായിരുന്നു.
ഇനി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്ന മോഹൻലാൽ അത് പൂർത്തിയാക്കിയ ശേഷം വീണ്ടും തരുൺ മൂർത്തി ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ ചേരുമെന്നാണ് സൂചന. ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്ക് വിവരം പങ്ക് വെച്ച ഫേസ്ബുക് പോസ്റ്റിൽ, ചിത്രത്തിന്റെ പേര് ചോദിച്ചെത്തിയ ആരാധകന് സംവിധായകൻ തരുൺ മൂർത്തി കൊടുത്ത മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
“എല്ലാം ഉണ്ട്…പടത്തിനു പേര് മാത്രം ഇല്ല” എന്നായിരുന്നു തരുൺ മൂർത്തിയുടെ ഫേസ്ബുക് പോസ്റ്റിലെ ആരാധകന്റെ കമന്റ്. അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ, “എല്ലാം ഉണ്ട്…ടൈറ്റിലും ഉണ്ട്…ഇറക്കി വിടാൻ സമയം ആയില്ല എന്നാണ് ഞങ്ങൾക്കിപ്പോൾ തോന്നുന്നത്. സിനിമയുടെ ചിത്രീകരണം ആദ്യം പൂർത്തിയാക്കണം. അതിന് ശേഷം നിലവാരമുള്ള കണ്ടന്റ് നിങ്ങളിൽ എത്തിക്കണം. പേരിൽ അല്ലലോ വർക്കിൽ അല്ലെ കാര്യം. ഞങ്ങൾ ഹൃദയം കൊണ്ട് സിനിമ ഉണ്ടാക്കുകയാണ്..”.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവരാണ്. മോഹൻലാൽ ഷണ്മുഖൻ എന്ന ടാക്സി ഡ്രൈവർ ആയെത്തുന്ന ഈ ചിത്രത്തിൽ ശോഭന, ഫർഹാൻ ഫാസിൽ, ബിനു പപ്പു, ഇർഷാദ്, മണിയൻ പിള്ള രാജു, അബിൻ ബിനോ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിടുന്നുണ്ട്. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഷാജി കുമാർ, എഡിറ്റ് ചെയ്യുന്നത് നിഷാദ് യൂസഫ്.