രാജമൗലിയുടെ പാൻ വേൾഡ് ചിത്രത്തിൽ മഹേഷ് ബാബുവിനെ എതിരിടാൻ പൃഥ്വിരാജ്
ഇന്ത്യൻ സിനിമയുടെ ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ആണെന്ന് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി രാജമൗലി ഒരുക്കാൻ പോകുന്ന ഈ ചിത്രവും രചിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛനും പ്രശസ്ത രചയിതാവുമായ വിജയേന്ദ്ര പ്രസാദാണ്.
ഒരു ഗ്ലോബൽ ആക്ഷൻ അഡ്വെഞ്ചർ ചിത്രമായാണ് ഈ മഹേഷ് ബാബു ചിത്രം പ്ലാൻ ചെയ്യുന്നതെന്നും ഒരു പാൻ- വേൾഡ് ചിത്രമായി ഇത് ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാജമൗലി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിലെ വില്ലനായി എത്തുന്നത് മലയാളത്തിന്റെ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനാണ്. താരനിർണയം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ വില്ലനായി പൃഥ്വിരാജ് സുകുമാരനെ ഉറപ്പിച്ചു കഴിഞ്ഞു എന്ന റിപ്പോർട്ടുകളാണ് പിങ്ക് വില്ല അടക്കമുള്ള പ്രമുഖ സിനിമാ മാധ്യമങ്ങൾ പുറത്ത് വിടുന്നത്.
അടുത്തിടെ പ്രശാന്ത് നീൽ ഒരുക്കിയ പ്രഭാസ് ചിത്രമായ സലാറിലെ കഥാപാത്രത്തിലൂടെ തെലുങ്കിൽ തരംഗമായ പൃഥ്വിരാജ്, ആ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പ്രധാന വില്ലനായാണ് എത്തുന്നത്. വരാൻ പോകുന്ന രാജമൗലി – മഹേഷ് ബാബു ചിത്രം ഇന്ത്യാന ജോൺസ്, രാമായണം എന്നിവയുടെ ഒരു കോർത്തിണക്കൽ ആവുമെന്നും ഈ വർഷം അവസാനത്തോടെ ഇതിന്റെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
രാമായണത്തിലെ ഹനുമാൻ കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് രാജമൗലി ഇതിലെ മഹേഷ് ബാബു കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് സൂചന. തിരക്കഥ രചന അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ഈ ചിത്രം ഡിസ്‌നി അല്ലെങ്കിൽ സോണി പിക്ചേഴ്സ് പോലുള്ള ഒരു അന്താരാഷ്ട്ര സ്റ്റുഡിയോ ആയിരിക്കും നിർമ്മിക്കുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.