ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി കമ്മാര സംഭവം; വിഷുവിന് വമ്പന്‍ റിലീസായി ഇനി തിയേറ്ററുകളില്‍!
കമ്മാര സംഭവം എന്ന ദിലീപ് ചിത്രത്തിന്‍റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റ് കിട്ടിയ ഈ ചിത്രത്തിന്‍റെ ദൈര്‍ഘ്യം മൂന്നു മണിക്കൂറിന് മുകളിൽ ആണ്. സാധാരണ മലയാളത്തിൽ മൂന്നു മണിക്കൂറിനു മുകളിൽ നീളമുള്ള ചിത്രങ്ങൾ വളരെ കുറച്ചു മാത്രമേ വരാറുള്ളൂ. വമ്പൻ ചിത്രങ്ങൾ മാത്രമേ കഥ പറയാൻ സമയ ദൈർഖ്യം കൂടുതൽ എടുക്കാറുള്ളു. കമ്മാര സംഭവം ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് മാത്രമല്ല അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസും ആയിരിക്കും. ഈ വരുന്ന ഏപ്രിൽ 14 ന് വിഷു റിലീസ് ആയാണ് കമ്മാര സംഭവം തീയേറ്ററുകളിൽ എത്തുക.
കേരളത്തിൽ മാത്രം ഇരുനൂറിന് മുകളിൽ സ്ക്രീൻസ് ഈ ചിത്രത്തിന് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിന് പുറത്തും വമ്പൻ റിലീസ് കമ്മാര സംഭവത്തിന് ലഭിക്കും എന്നാണ് വിവരം. ചിത്രത്തിന്‍റെ താര നിരയിൽ ദിലീപിനൊപ്പം തമിഴ് നടൻ സിദ്ധാര്ഥിന്‍റെയും സാന്നിധ്യം ഉള്ളത് കൊണ്ട് തമിഴ്നാട്ടിലും കമ്മാര സംഭവത്തിന് വമ്പൻ റിലീസ് ലഭിക്കാൻ സാധ്യതയുണ്ട്. ചിത്രത്തിന്‍റെ ടീസർ ഇതിനോടകം തരംഗമായി കഴിഞ്ഞു. അതോടൊപ്പം തന്നെ ഇതിന്‍റെ പോസ്റ്ററുകൾ, സ്റ്റില്ലുകൾ എന്നിവരും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ മുഴുവൻ കാട്ടു തീ പോലെ പടരുന്നത്.
കമ്മാര സംഭവത്തിന് ഒപ്പം റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ രമേശ് പിഷാരടിയുടെ ജയറാം – കുഞ്ചാക്കോ ബോബൻ ചിത്രം പഞ്ചവർണ്ണതത്തയും സാജിദ് യാഹിയയുടെ മഞ്ജു വാര്യർ – ഇന്ദ്രജിത് ചിത്രം മോഹൻലാലും ആണ്. രണ്ടും ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ ആണ്. കമ്മാര സംഭവത്തിന്‍റെ ദൈര്‍ഘ്യ കൂടുതൽ ചിത്രത്തിനെ നെഗറ്റീവ് ആയി ബാധിക്കുമോ എന്ന ആശങ്കയും ആരാധകർ പങ്കു വെക്കുന്നുണ്ട്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ രതീഷ് അമ്പാട്ടും നിർമ്മിച്ചത് ഗോകുലം ഗോപാലനും ആണ്.