ജോണും ഈശോയും പൊളിച്ചടുക്കിയോ? ‘ബ്രോ ഡാഡി’ റിവ്യൂ…

പ്രേക്ഷകർ കാത്തിരുന്ന ഒടിടി റിലീസ് ചിത്രം ‘ബ്രോ ഡാഡി’ സ്ട്രീമിംഗ് ആരംഭിച്ചു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീജിത്ത് – ബിബിൻ കൂട്ട്കെട്ട് ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് റിലീസ് ആയത്.
വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതരായ ജോൺ കാറ്റാടിക്കും അന്നാമ്മയ്ക്കും വൈകാതെ തന്നെ ഒരു ആൺകുഞ്ഞ് ജനിക്കുന്നു. ഈശോ ജോൺ കാറ്റാടി എന്ന ആ മകൻ എല്ലാ വിധത്തിലും ‘ആ വീടിന്റെ ഐശ്വര്യ’മായി മാറുകയാണ്. ജോൺ കാറ്റാടിയുടെ ഉറ്റ സുഹൃത്ത് ആണ് കുര്യൻ മാളിയേക്കൽ. കുര്യന്റെ മകൾ അന്നയേയും ഈശോയേയും വിവാഹം കഴിപ്പിക്കാൻ ഇരു കുടുംബങ്ങൾക്കും താല്പര്യമുണ്ട്. എന്നാൽ അവരുടെ ആ താല്പര്യം അധികം മുന്നോട്ട് പോകാൻ മക്കൾ അനുവദിച്ചില്ല. എന്നാൽ ഒരു അവസരത്തിൽ വീട്ടുകാരെ കൊണ്ട് തങ്ങളുടെ വിവാഹം ഏറ്റവും വേഗത്തിൽ നടത്തിപ്പിക്കേണ്ട ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. ഇതുമായി ബന്ധപ്പെട്ട രസകരവും ലേശം വൈകാരികവുമായ സംഭവങ്ങൾ ആണ് ബ്രോ ഡാഡിയിൽ അവതരിപ്പിക്കുന്നത്. കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാൻ പറ്റിയ ഒരു ചിത്രമാണ് ബ്രോ ഡാഡി എന്ന് നിസ്സംശയം പറയാം.
ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വന്നാൽ മോഹൻലാലിന്റെ ജോൺ കാറ്റാടിയും ലാലു അലക്സിന്റെ കുര്യൻ മാളിയേക്കലും വളരെയധികം മികച്ചു നിൽക്കുന്നു എന്ന് പറയാം. വളരെ ഊർജ്ജസ്വലനായി മോഹൻലാലിനെ ചിത്രത്തിലുടനീളം കാണാൻ കഴിയും. ലാലു അലക്സിന് ആകട്ടെ വൈകാരികമായ രംഗങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യേണ്ട ഒരു കഥാപാത്രം ആണ് ലഭിച്ചത്. അദ്ദേഹം അത് മികച്ചതാക്കി ഒരു വലിയ തിരിച്ചു വരവ് ആണ് ഈ ചിത്രത്തിലൂടെ നടത്തിയത്. കല്യാണി പ്രിയദർശൻ, മീന, പൃഥ്വിരാജ്, കനിഹ, ജഗദീഷ് എന്നിവർ അവരുടെ ഭാഗങ്ങൾ മികച്ചത് ആക്കി. സൗബിൻ ഷാഹിർ ക്ലൈമാക്സ് ഭാഗങ്ങളിൽ നല്ല നർമ്മരംഗങ്ങൾ സമ്മാനിച്ചു. ഉണ്ണി മുകുന്ദൻ അതിഥി വേഷത്തിൽ ആണ് എത്തിയത് എന്ന് പറയാം.
ലൂസിഫർ പോലെ ഒരു വലിയ ക്യാൻവാസിൽ ചിത്രം ഒരുക്കിയ പൃഥ്വിരാജിന് ഒരു ഫാമിലി ചിത്രവും മികച്ച രീതിയിൽ എടുക്കാൻ കഴിയും എന്ന് ബ്രോ ഡാഡി തെളിയിക്കുക ആണെന്ന് പറയാം. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഒരുപാട് പരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് എന്നാൽ പ്രേക്ഷകരിലേക്ക് അങ്ങനെ ഒരുക്കിയ ഒരു ചിത്രം എന്ന ഫീൽ നൽകാതെ ബ്രോ ഡാഡി ഒരുക്കിയിട്ടുണ്ട് പൃഥ്വിരാജ്. ദീപക് ദേവിന്റെ സംഗീതം ചിത്രത്തിന് വിവിധ ഘട്ടങ്ങളിൽ അതിന്റെതായ മൂഡിലേക്ക് എത്തിക്കാൻ സഹായകമായി. ചിത്രത്തിലെ രണ്ട് ഗാനങ്ങളും നന്നായി. ടൈറ്റിൽ സോങ്ങിന് ഒപ്പം കോമിക്‌സിലൂടെ കഥ പറഞ്ഞത് പ്രേക്ഷകരെ വേഗത്തിൽ ചിത്രത്തിലേക്ക് എത്തിച്ചു. സ്ക്രീനിൽ തെളിഞ്ഞ താരങ്ങളെയും വിശ്വൽസുകളും ഒക്കെ മനോഹരമായി പകർത്തിയതിന് ഛായാഗ്രഹകൻ അഭിനന്ദൻ രാമാനുജത്തിന് പ്രത്യേക കയ്യടി. അഖിലേഷ് മോഹന്റെ എഡിറ്റിങ്ങും മികച്ചതായി.
ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി ചിത്രത്തിന് പകരം ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ കണ്ട് ആസ്വദിക്കാവുന്ന ഒരു കുഞ്ഞു ചിത്രമാണ് ‘ബ്രോ ഡാഡി’. ഒടിടി റിലീസ് ആയി എത്തിയ ഈ ചിത്രം കുടുംബത്തിന് ഒപ്പം സുരക്ഷിതമായി എല്ലാവർക്കും വീട്ടിൽ ഇരുന്ന് തന്നെ കണ്ട് ആസ്വദിക്കാം.