ഭ്രമയുഗം ഒടിടി റൈറ്റ്സ് വിറ്റത് 30 കോടിയ്ക്ക്? പ്രതികരണവുമായി നിർമ്മാതാവ്…
എങ്ങും സംസാരവിഷയം ആണ് മമ്മൂട്ടിയുടെ ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു പരീക്ഷണ ചിത്രവുമായി മലയാളത്തിൻ്റെ മഹാ നടൻ എത്തിയപ്പോൾ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ് പ്രേക്ഷകർ. രാഹുൽ സദാശിവൻ ഒരുക്കിയ ഈ ഹൊറർ ത്രില്ലർ ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ച ചില വിവരങ്ങൾ ഇപ്പൊൾ പുറത്തുവന്നിരിക്കുന്നു.
ഭ്രമയുഗത്തിൻ്റെ ഒടിടി റൈറ്റ്സ് സോണി ലിവ് സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്. എത്ര തുകയ്ക്ക് ആണ് റൈറ്റ്സ് വിറ്റത് എന്ന് വ്യക്തമല്ലെങ്കിലും 30 കോടിയ്ക്ക് ആണെന്ന രീതിയിൽ ചില പ്രചാരണങ്ങളും നടന്നിരുന്നു. ഇപ്പൊൾ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ് ആയ ചക്രവർത്തി രാമചന്ദ്ര.
ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച് സോണി ലിവ് 30 കോടിയ്ക്ക് ഭ്രമയുഗം ഒടിടി റൈറ്റ്സ് സ്വന്തമാക്കിയെന്നും മോളിവുഡിൽ റെക്കോർഡ് ആണെന്നും അവകാശപ്പെടുന്ന ട്വീറ്റിന് ആണ് അദ്ദേഹം മറുപടിയുമായി എത്തിയത്. മറുപടി ഇങ്ങനെ: “സത്യമല്ല. സിനിമ ആസ്വദിക്കുക, അതിൽ ഉൾപ്പെട്ടിരിക്കുന്ന മികച്ച പ്രതിഭകളെ അഭിനന്ദിക്കുക.”
Not at all true. Enjoy the movie, and appreciate the great talent involved.
— Chakravarthy Ramachandra (@chakdyn) February 19, 2024
മുൻപ് വളരെ കുറഞ്ഞ ബജറ്റിൽ പൂർത്തീകരിച്ച ചിത്രമാണ് ഭ്രമയുഗം എന്ന് പ്രചരിച്ചപ്പോളും യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തി ചക്രവർത്തി ട്വീറ്റ് ചെയ്തിരുന്നു. 27.73 കോടി ആണ് യഥാർത്ഥ ബജറ്റ് എന്നായിരുന്നു അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. വൈ നോട്ട് സ്റ്റുഡിയോസ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നീ ബാനറുകൾ ആണ് ചക്രവർത്തി പങ്കാളികൾക്ക് ഒപ്പം ചിത്രം നിർമ്മിച്ചത്. അതേ സമയം, തുക വ്യക്തമല്ല എങ്കിലും ചിത്രം സോണി ലിവിൽ തന്നെ ആണ് ഒടിടി റിലീസ് ആയി എത്തുക.