മഹാഭാരത പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുന്നു; വമ്പൻ വാര്‍ത്ത ഉടൻ വരുന്നു!
ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന ചിത്രമാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന മഹാഭാരത. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായി ഒരുങ്ങുന്ന ഈ ചിത്രം ആയിരം കോടി മുതൽ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. ഒടിയൻ എന്ന ചിത്രത്തിന് ശേഷം വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. അദ്ദേഹം തന്നെ തിരക്കഥ രചിച്ച ഈ ചിത്രം ഭീമനെ നായകനാക്കി മഹാഭാരത കഥയുടെ മറ്റൊരു വശമാണ് അനാവരണം ചെയ്യുക. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ചിത്രത്തെ കുറിച്ചുള്ള വലിയ വാര്‍ത്തകള്‍ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം എന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ വി എ ശ്രീകുമാർ മേനോൻ തന്‍റെ ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ചു.
കഴിഞ്ഞ ഒരു ദിവസം മുഴുവൻ താൻ എം ടി വാസുദേവൻ നായർക്കൊപ്പം ആയിരുന്നു എന്നും ഈ ചിത്രത്തെ കുറിച്ച് ഒരുപാട് ചർച്ചകൾ അദ്ദേഹവുമായി നടത്തി എന്നും ശ്രീകുമാർ മേനോൻ പറയുന്നു. ഇപ്പോൾ രഞ്ജിത് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു ലണ്ടനിൽ ഉള്ള മോഹൻലാലും വീഡിയോ കാൾ വഴി തങ്ങൾക്കൊപ്പം കൂടി എന്നും ശ്രീകുമാർ മേനോൻ പറയുന്നു. ഈ ബ്രഹ്മാണ്ഡ ചിത്രം കാത്തിരിക്കുന്ന പ്രേക്ഷകർക്കും മാധ്യമങ്ങള്‍ക്കും എല്ലാം സന്തോഷം പകരുന്ന വലിയ വാർത്ത ഉടൻ തന്നെ ഉണ്ടാകുമെന്നു പറഞ്ഞാണ് അദ്ദേഹം നിർത്തിയത്. പ്രവാസി വ്യവസായി ആയ ബി ആർ ഷെട്ടിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
രണ്ട് ഭാഗങ്ങൾ ആക്കി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ ഒരുപാട് സൂപ്പർ താരങ്ങൾ അണിനിരക്കും എന്നാണ് സൂചന. നാഗാർജുന, ഹൃതിക് റോഷൻ, വിക്രം, അമിതാബ് ബച്ചൻ, അജയ് ദേവ്‌ഗൺ എന്നിവരുടെ പേരുകൾ ഈ ചിത്രത്തിന്‍റെ താര നിരയിൽ പറഞ്ഞു കേൾക്കുന്നുണ്ട്. ഹോളിവുഡിൽ നിന്നുള്ള താരങ്ങളും അതുപോലെ ഓസ്കാർ അവാർഡ് വരെ നേടിയ സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്‍റെ ഭാഗമാകും എന്നാണ് സൂചന. ഒരു ഇന്റർനാഷണൽ കാസ്റ്റിംഗ് ഏജൻസി ആണ് ഈ ചിത്രത്തിന്‍റെ താര നിർണ്ണയം പൂർത്തിയാക്കുന്നത്.