പ്രതികാരത്തിന്റെ കബഡി കളി; ഷെയിൻ നിഗത്തിന്റെ ‘ബൾട്ടി’ ഹൗസ്ഫുൾ ഷോകളുമായി മുന്നോട്ട്

ഷെയിൻ നിഗം നായകനായെത്തിയ പുതിയ ചിത്രം ‘ബൾട്ടി’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. കബഡിയുടെ ആവേശവും പ്രതികാരത്തിന്റെ തീവ്രതയും സമന്വയിപ്പിച്ച ഒരു സ്പോർട്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം, റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുൾ ഷോകളോടെയാണ് പ്രദർശനം തുടരുന്നത്. ഷെയിൻ നിഗത്തിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘ബൾട്ടി’ക്കുണ്ട്.
കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ വേലംപാളയത്തെ നാല് സുഹൃത്തുക്കളുടെയും അവരുടെ കബഡി ടീമായ ‘പഞ്ചമി റൈഡേഴ്‌സി’ന്റെയും കഥയാണ് ചിത്രം പറയുന്നത്. നാട്ടിൽ നടക്കുന്ന അനീതികൾക്കെതിരെ പ്രതികരിക്കുന്ന ഇവർ, സ്ഥലത്തെ പ്രമാണിയും പലിശക്കാരനുമായ ഭൈരവനുമായി ഒരു പ്രശ്നത്തിൽ ഏർപ്പെടുന്നതോടെയാണ് കഥാഗതി മാറുന്നത്. സൗഹൃദവും പ്രണയവും ചതിയും പ്രതികാരവും നിറഞ്ഞ സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് പിന്നീട് സിനിമ സഞ്ചരിക്കുന്നത്.
ചിത്രത്തിൽ ഉദയൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെയിൻ നിഗത്തിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം. ഇതുവരെ കാണാത്ത ഒരു മാസ് ആക്ഷൻ പരിവേഷത്തിലാണ് ഷെയിൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വില്ലൻ കഥാപാത്രമായ ഭൈരവനെ അവതരിപ്പിച്ച തമിഴ് സംവിധായകനും നടനുമായ സെൽവരാഘവന്റെ പ്രകടനവും പ്രേക്ഷകരെ ഞെട്ടിച്ചു. അതോടൊപ്പം, സോഡാ ബാബു എന്ന കഥാപാത്രമായി സംവിധായകൻ അൽഫോൻസ് പുത്രനും ജീ മാ എന്ന റോളിൽ പൂർണ്ണിമ ഇന്ദ്രജിത്തും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു. നായികയായെത്തിയ പ്രീതി അസ്രാനിയും തന്റെ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്തി.
നവാഗതനായ സംവിധായകൻ ഉണ്ണി ശിവലിംഗം തന്റെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച സംവിധാന മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം, തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കറിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ചിത്രത്തിലെ ഗാനങ്ങളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും ഗംഭീരമായി. അലക്സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണം കബഡി കോർട്ടിലെയും സംഘട്ടന രംഗങ്ങളിലെയും ദൃശ്യങ്ങൾക്ക് മിഴിവേകി. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.