ബിഗ് സ്ക്രീനിൽ 3 ഷോകൾ, ശേഷം ഒടിടി റിലീസ്; ‘അറിയിപ്പ്’ ട്രെയിലറും പുറത്ത്…
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ ‘അറിയിപ്പ്’ സിനിമ സ്നേഹികൾ വളരെയധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ചിത്രം സിനിമ സ്നേഹികൾക്ക് ഇടയിൽ ശ്രദ്ധ നേടാൻ ഉള്ള കാരണങ്ങൾ നിരവധിയാണ് – ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയിൽ ഒന്നായ ലോകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച മലയാള ചിത്രം, 17 വർഷങ്ങൾക്ക് ശേഷം മത്സരവിഭാഗത്തിൽ ലോകാർണോയിൽ എത്തിയ ഇന്ത്യൻ ചിത്രം. കൂടാതെ, മഹേഷ് നാരായണൻ എന്ന സംവിധായകനും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ സാന്നിധ്യവും പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ ആണ്. ഈ ചിത്രം തിയേറ്റർ റിലീസ് ഇല്ലാതെ നേരിട്ട് ഒടിടിയിൽ എത്തും എന്ന് മുൻപ് വാർത്ത വന്നിരുന്നു. നെറ്റ്ഫ്ലിക്‌സ് ആണ് ചിത്രം ഒടിടി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
ഡിസംബർ 16ന് ആണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്‌ട്രീം ചെയ്തു തുടങ്ങുക. എന്നാൽ ബിഗ് സ്ക്രീനിൽ ഈ ചിത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് അതിന് മുമ്പ് തന്നെ അറിയിപ്പ് കാണാൻ കഴിയും. 27 മത് ഐഎഫ്എഫ്കെയിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി മൂന്ന് പ്രദർശനങ്ങൾ ആണ് ചിത്രത്തിന് ഉണ്ടാവുക. ഡിസംബർ 10ന് ഉച്ചയ്ക്ക് 2.30ന് ടാഗോർ തിയേറ്ററിൽ ആണ് ആദ്യ പ്രദർശനം. തുടർന്ന് ഡിസംബർ 12ന് രാവിലെ 9 മണിക്ക് ഏരീസ് പ്ലസിലും ഡിസംബർ 14ന് രാത്രി 8.30ന് അജന്തയിലും ഷോകൾ ഉണ്ട്. ഇതിന് ശേഷമാണ് ഡിസംബർ 16ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്‌ട്രീം ചെയ്തു തുടങ്ങുക. ഈ ചിത്രത്തിന്റെ ട്രെയിലർ നെറ്റ്ഫ്ലിക്സ് അവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ദിവ്യ പ്രഭ ആണ് ചിത്രത്തിലെ നായിക. ട്രെയിലർ കാണാം: