ആദ്യ ആഴ്ചയില്‍ ആദി നേടിയത് കോടികള്‍; ബ്ലോക്ക്‌ബസ്റ്റര്‍ വിജയവുമായി ചിത്രം മുന്നേറുന്നു
പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ആദി എന്ന ജീത്തു ജോസഫ് ചിത്രം വമ്പൻ ബോക്സ് ഓഫീസ് വിജയം നേടി കുതിക്കുന്ന കാഴ്ചക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഒരു പുതുമുഖ നായകന്‍റെ ചിത്രം നേടുന്ന ഗംഭീര ഓപ്പണിംഗുമായി തുടങ്ങിയ ആദി ഗംഭീര പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയും നേടി ഞെട്ടിക്കുന്ന വിജയമാണ് നേടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ആഴ്ചയിലെ കേരളാ കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.
ഏഴു ദിവസം കൊണ്ട് ആദി കേരളത്തിൽ നിന്നു നേടിയത് 13.22 കോടി രൂപയാണ്. ഇതിനോടകം ആറര കോടി രൂപയുടെ ഡിസ്ട്രിബൂഷൻ ഷെയർ നേടിയ ആദി ദിവസങ്ങൾക്കകം തിയേറ്ററിൽ നിന്നു തന്നെ മുടക്കു മുതൽ തിരിച്ചു പിടിച്ചു ലാഭം നേടും.
ആറര കോടി രൂപയ്ക്കു ഫസ്റ്റ് കോപ്പി ആയ ആദിക്ക് പബ്ലിസിറ്റി അടക്കം ഏകദേശം ഏഴര കോടിയോളം ആണ് ചെലവ് വന്നിരിക്കുന്നത്. ഇപ്പോൾ കേരളത്തിൽ നിന്നു മാത്രം ആദ്യ ഒരാഴ്ച കൊണ്ട് ആറര കോടി രൂപയുടെ ഷെയർ നേടിയ ആദി ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ആയി മാറി കഴിഞ്ഞു. ഇപ്പോഴും വമ്പൻ കളക്ഷൻ നേടി മുന്നേറുന്ന ചിത്രം അടുത്ത ആഴ്ച കഴിയുന്നതോടെ ഇരുപതു കോടി ക്ലബ്ബിലും ഇടം പിടിക്കും എന്നുറപ്പാണ്.
ആറു കോടി രൂപയുടെ സാറ്റലൈറ്റ് റൈറ്സ് നേടിയ ആദിയുടെ റീമേക് റൈറ്റ്സിനും ഇപ്പോൾ പൊന്നും വിലയാണ് ഓഫർ ചെയ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിദേശ റിലീസ് കൂടി കഴിയുന്നതോടെ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റുകളുടെ പട്ടികയിൽ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ. കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണ ഈ ചിത്രത്തിന്‍റെ ലോങ്ങ് റൺ ഉറപ്പാക്കുന്നുമുണ്ട്. പ്രണവ് മോഹൻലാലിന്‍റെ വിസ്മയിപ്പിക്കുന്ന ആക്ഷൻ പ്രകടനമാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകർഷണം .