in

സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടി; ‘ആഭാസം’ റിവ്യൂ വായിക്കാം

സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടി; ‘ആഭാസം’ റിവ്യൂ വായിക്കാം

പ്രശസ്ത നടി റിമ കല്ലിങ്കലും നടൻ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ആണ് ആഭാസം. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം പറയുന്ന ഈ ചിത്രം നവാഗത സംവിധായകൻ ആയ ജുബിത് നമ്രദത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് സഞ്ജു എസ് ഉണ്ണിത്താൻ ആണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസർ എന്നിവയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വർദ്ധിക്കാൻ കാരണമായിരുന്നു.

ബാംഗ്ലൂർ നിന്ന് കേരളത്തിലേക്കുള്ള ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബസിൽ യാത്ര ചെയ്യുന്ന ഒരുപറ്റം ആളുകൾ ആണ് ഈ കഥയിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നത്. അവരുടെ കാഴ്ചപ്പാടിലൂടെ, അവർ കടന്നു പോകുന്ന സാഹചര്യങ്ങളിലൂടെ, കണ്ടു മുട്ടുന്ന ആളുകളിലൂടെ നമ്മുടെ സോഷ്യൽ സിസ്റ്റത്തെ കുറിച്ച് ചർച്ച ചെയ്യുകയാണ് ആഭാസം എന്ന ചിത്രം. ബസും അതിലെ യാത്രക്കാരും അവർ കണ്ടു മുട്ടുന്നവരുമെല്ലാം സമൂഹവുമായി ബന്ധപ്പെട്ട ഓരോന്നിന്റെയും പ്രതിനിധികൾ ആണ്. വളരെ റിയലിസ്റ്റിക് ആയ രീതിയിൽ കഥ പറഞ്ഞപ്പോൾ തന്നെയും വളരെ എന്റർടൈനിംഗ് ആയ രീതിയിൽ ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കാൻ ജുബിത് എന്ന പുതുമുഖ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥയുടെ ആഴവും തീവ്രതയും ഒട്ടും നഷ്ടപ്പെടാതെ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയാനും അതോടൊപ്പം വൈകാരിക മുഹൂർത്തങ്ങൾ മനോഹരമായി ആവിഷ്കരിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ തൊടാനും ജുബിത് എന്ന ഈ സംവിധായക പ്രതിഭക്കു കഴിഞ്ഞിട്ടുണ്ട് എന്നതും എടുത്തു പറയണം. അദ്ദേഹം എഴുതിയ തിരക്കഥയും അഭിനന്ദനം അർഹിക്കുന്നു. ഓരോ കഥാപാത്രവും കഥാ സന്ദർഭങ്ങളും നമ്മുടെ ജീവിതവും സമൂഹവുമായി ചേർന്ന് നിൽക്കുന്ന രീതിയിൽ, അല്ലെങ്കിൽ നമ്മളെ തന്നെ പ്രതിനിധാനം ചെയ്യുന്ന രീതിയിൽ കൊണ്ട് വരാൻ ഒരു രചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

റിമ കല്ലിങ്ങൽ ഒരിക്കൽ കൂടി മികച്ച പ്രകടനമാണ് നമ്മുക്ക് നൽകിയത്. എന്തുകൊണ്ട് അവരെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി കണക്കാക്കുന്നു എന്ന് പ്രേക്ഷകരെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തിയ പ്രകടനമാണ് റിമ നൽകിയത്. സുരാജ് വെഞ്ഞാറമൂടും മിന്നുന്ന പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ ഇവർ രണ്ടു പേരും നടത്തിയ ഗംഭീരമായ പ്രകടനം ആണ് ചിത്രത്തിന്റെ ലെവൽ തന്നെ മാറ്റിയത്. രണ്ടു പേരും കഥാപാത്രമായി ജീവിച്ചു എന്നൊക്കെ പറയാവുന്ന പ്രകടനമായിരുന്നു തന്നത് . ഇവർക്കൊപ്പം മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ന്ദ്രൻസ്, ശ്യാം ശീതൾ, അലെൻസിയർ, നാസ്സർ, അനിൽ നെടുമങ്ങാട്, നിർമ്മൽ പാലാഴി, മാമുക്കോയ, ദിവ്യ ഗോപിനാഥ്, വിനീത് വിശ്വം, സരിത കുക്കു, നിതിൻ രാജ്, ഷാജി സുരേന്ദ്രൻഎന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലർത്തിയത് ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു.

പ്രസന്ന എസ് കുമാർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥാന്തരീക്ഷത്തെ വളരെ റിയലിസ്റ്റിക് ആയ രീതിയിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ എത്തിച്ചപ്പോൾ ഊരാളി ഒരുക്കിയ സംഗീതവും ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. പശ്ചാത്തല സംഗീതമാണ് എഡിറ്റിംഗിനൊപ്പം ചേർന്ന് ചിത്രത്തിന് മികച്ച ഒഴുക്ക് നൽകിയത്. .ഷമീർ മുഹമ്മദ് എന്ന എഡിറ്ററുടെ സാന്നിധ്യം ചിത്രത്തിന് പകർന്നു നൽകിയത് മികച്ച സാങ്കേതിക പൂർണ്ണത കൂടിയാണ്.

മികച്ച ചിത്രങ്ങളെ സ്നേഹിക്കുന്ന, സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളെ ഇഷ്ട്ടപെടുന്ന ഓരോ സിനിമാ പ്രേമിക്കും സംതൃപ്തി നൽകുന്ന ഒരു ചിത്രം തന്നെയാണ് ആഭാസം. ഈ ചിത്രം നിങ്ങളുടെ മനസ്സിൽ തൊടുമെന്നു മാത്രമല്ല, രസിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യും.

ലൂസിഫറിൽ മോഹൻലാലിന്‍റെ നായിക മഞ്ജു വാര്യർ; ചിത്രം ജൂലൈ 10ന് എറണാകുളത്ത് തുടങ്ങും!

‘നീരാളി’ ടീസറിന് വമ്പൻ വരവേൽപ്പ്; 1 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ടീസർ കുതിക്കുന്നു!