വിജയ് – ലോകേഷ് ചിത്രത്തിലെ വില്ലനാകാൻ സാക്ഷാൽ സഞ്ജു ബാബ എത്തും…
തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ‘വിക്രം’ എന്ന കമൽ ഹാസൻ ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനാഗരാജ് ഒരുക്കുന്ന ചിത്രത്തിനായി കാത്തിരിക്കുക ആണ് ആരാധകർ. ഈ ചിത്രത്തിൽ നായകനായി ദളപതി വിജയ് കൂടി ചേരുമ്പോൾ പ്രതീക്ഷകൾ വളരെ വലുതാണ്. ദളപതി 67 എന്ന് താത്കാലിക പേരിൽ അറിയപ്പെടുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. ഈ ചിത്രത്തെ സംബന്ധിച്ച് വളരെ പ്രധാനമായ ഒരു വിവരം കൂടി പുറത്തുവന്നിരിക്കുക ആണ്.
ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്ത് ചിത്രം ഈ ചിത്രത്തിന്റെ ഭാഗമാകും എന്ന വിവരമാണ് പുറത്തുവരുന്നത്. പിങ്ക് വില്ല ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ശക്തരായ നിരവധി വില്ലന്മാരുടെ സാന്നിധ്യം ആവശ്യപ്പെടുന്ന ഒരു സ്ക്രിപ്റ്റ് ആണ് ഈ ചിത്രത്തിന്റെ എന്നും അതിൽ ഒരു വില്ലൻ വേഷത്തിൽ സഞ്ജയ് ദത്ത് എത്തും എന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. 10 കോടി രൂപയാണ് സഞ്ജയുടെ പ്രതിഫലം എന്നും പിങ്ക് വില്ല വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവും മികച്ച രീതിയിൽ പ്രധാനമായും ഹിന്ദിൽ ബെൽറ്റിൽ ചിത്രത്തെ പ്രൊമോട്ട് ചെയ്യാൻ സഞ്ജയ് ദത്തിന്റെ സാന്നിധ്യം സഹായകരമാകും.
ഈ വർഷം ഒക്ടോബറിലോ നവംബറിലോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരം. അടുത്ത വർഷം ദീപാവലി റിലീസ് ആയി ചിത്രത്തെ തീയേറ്ററുകളിൽ എത്തിക്കാൻ ആണ് നിർമ്മാതാക്കളുടെ ശ്രമം. അടുത്ത വർഷം തീയേറ്ററുകളിൽ എത്തുന്ന രണ്ടാമത്തെ വിജയ് ചിത്രം ആയിരിക്കും ഈ ചിത്രം. ആദ്യ റിലീസ് ചിത്രം ജനുവരിൽ ഇറങ്ങുന്ന വാരിസ് ആണ്.