തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന നിവിൻ ചിത്രത്തിൽ സൂരിയും; അവസാന ഷെഡ്യൂൾ തുടങ്ങി…

പേരൻപ് സംവിധായകൻ റാമും നിവിനും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തുടങ്ങി…
മമ്മൂട്ടിയെ നായകനാക്കി പേരൻപ് ഒരിക്കിയ റാം, രണ്ട് വർഷങ്ങൾക്ക് ശേഷം ആണ് പുതിയ ചിത്രത്തിലേക്ക് കടക്കുന്നത്. ഇത്തവണയും നായകനായി എത്തുന്നത് മലയാളി ആയ നടൻ തന്നെ. നിവിൻ പോളി ആണ് റാമിന്റെ പുതിയ ചിത്രത്തിലെ നായകൻ. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ ദ്വിഭാഷാ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുക ആണ് നായകൻ നിവിൻ പോളി.
കഴിഞ്ഞ ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത ഈ സിനിമയുടെ ചിത്രീകരണം ഇപ്പോൾ അവസാന ഷെഡ്യൂളിലേക്ക് കടക്കുക ആണ്. തമിഴ് നടൻ സൂരി ഈ ഷെഡ്യൂളിൽ ടീമിന് ഒപ്പം ചേർന്ന കാര്യം അറിയിച്ചു കൊണ്ട് ആണ് നിവിൻ പോളി ചിത്രത്തിന്റെ വിശേഷങ്ങളും ലൊക്കേഷൻ ചിത്രങ്ങളും പ്രേക്ഷകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
റാം സാറിന് ഒപ്പം പ്രവർത്തിക്കുന്നത് വലിയ ഒരു പഠനാനുഭവമാണ് എന്ന് നിവിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തുന്നത് അഞ്ജലി ആണ്. സൂരി അവതരിപ്പിക്കുന്നത് ഒരു പ്രധാന കഥാപാത്രത്തെ ആണ്.
ചിത്രത്തിന്റെ സെറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ നടൻ സൂരിയും പങ്കുവെച്ചിരുന്നു. വി ഹൗസ് പ്രൊഡക്ഷൻസിന് കീഴിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്, യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ഒരു മത്സ്യത്തൊഴിലാളിയെയും അവന്റെ ജീവിതത്തെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥയെന്നാണ് സൂചന.