ആരാധകർക്ക് ഒപ്പം മാസ്റ്റർ കണ്ട് ദിലീപ്; ഇന്ന് ചരിത്രപരമായ ദിവസം എന്ന് പ്രതികരണം…
ദളപതി വിജയ് ചിത്രം മാസ്റ്ററിന്‍റെ റിലീസോട് കൂടി കേരളത്തിലെ തീയേറ്ററുകൾ ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ പ്രവർത്തനം ആരംഭിച്ചിരിക്കുക ആണ്. മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ ആണ് കോവിഡ് സാഹചര്യത്തിൽ ഉള്ള സിനിമാ പ്രദർശനത്തിനെ നോക്കി കാണുന്നത്. ഇതൊരു ചരിത്രപരമായ ദിവസം ആണെന്ന് ആണ് നടൻ ദിലീപ് അഭിപ്രായപെടുന്നത്. താരങ്ങളും ടെക്നീഷ്യൻസും കുടുംബത്തിനോടൊപ്പം തീയേറ്ററുകളിൽ വന്ന് സിനിമ കണ്ട് പ്രേക്ഷകർക്ക് ഒരാവേശമേകാനും ദിലീപ് പറയുന്നു.
വിജയ് ആരാധകരോടൊപ്പം ചാലക്കുടി ഡി സിനിമാസിൽ ദിലീപ് മാസ്റ്റർ പ്രദർശനം കാണാൻ എത്തുകയും ഉണ്ടായി. അവിടെ നിന്ന് ആരാധകർക്ക് ഒപ്പം എടുത്ത ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുക ആണ്.

ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പിൽ ആണ് ദിലീപ് മാസ്റ്ററിന് ആശംസകൾ നേർന്നത്. ദിലീപിന്റെ കുറിപ്പ് ഇങ്ങനെ:
“മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാൻ.”
അതേ സമയം മികച്ച വരവേൽപ്പ് ആണ് ദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിച്ച മാസ്റ്ററിന് ലഭിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്.