മമ്മൂട്ടി – വൈശാഖ് ചിത്രം ‘രാജ 2’ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും
2010ൽ വൈശാഖ് ഒരുക്കിയ മമ്മൂട്ടി – പൃഥ്വിരാജ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ട് രണ്ട് വർഷങ്ങളോളം ആകുന്നു. രാജ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ പറ്റി പിന്നീട് പ്രേക്ഷകർക്ക് സൂചന ലഭിച്ചത് മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ മാസ്റ്റർപീസ് എന്ന ചിത്രത്തിലൂടെ ആണ്. തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്‍റെ അടുത്ത ചിത്രം രാജ 2 ആണെന്ന് മാസ്റ്റർപീസിലെ ഒരു സീനിൽ പറയുന്നുണ്ട്. ഇപ്പോൾ ചിത്രത്തെ പറ്റി മറ്റു വിവരങ്ങൾ കൂടി പുറത്തുവന്നിരിക്കുന്നു.
പുലിമുരുകന്‍റെ വമ്പൻ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2 എന്ന ചിത്രം ജൂലൈ മാസത്തിൽ ചിത്രീകരണം ആരംഭിക്കും എന്ന് സംവിധായകൻ തന്നെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പോക്കിരിരാജ പോലെ തന്നെ ഒരു മാസ് എന്റെർറ്റൈനെർ ആയിരിക്കും രാജ 2 എന്ന് വൈശാഖ് പറഞ്ഞു.
പോക്കിരിരാജ നിർമ്മിച്ച ടോമിച്ചൻ മുളകുപാടം രാജ 2 നിർമ്മിക്കും എന്നാണ് മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രം നിർമ്മിക്കുക നെൽസൺ ഐപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെൽസൺ ഐപ്പ് ആണ്. ഉദയകൃഷ്ണ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി മറ്റൊരു ചിത്രവും വൈശാഖ് സംവിധാനം ചെയ്യുന്നുണ്ട്. ഉദയകൃഷ്ണ തന്നെ തിരക്കഥ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം രാജ 2 ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷം തുടങ്ങും. നിവിൻ പൊളി ചിത്രം പൂർത്തിയാക്കിയതിന് ശേഷം ആയിരിക്കും രാജ 2 വിന്‍റെ അവസാനഘട്ട ചിത്രീകരണത്തിലേക്ക് കടക്കുക.