മോഹൻലാൽ ചിത്രത്തിന് മുന്നേ ഇന്ദ്രജിത്ത് – മുരളീ ഗോപി ചിത്രമൊരുക്കാൻ ഷാജി കൈലാസ്
ഒരു തിരിച്ചു വരവിന് ഒരുങ്ങുക ആണ് സംവിധായകൻ ഷാജി കൈലാസ്. സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ചിത്രം ഒരുക്കുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ചിത്രം വൈകും എന്ന് ഇപ്പോൾ വ്യക്തത വന്നിരിക്കുക ആണ്. ഇന്ദ്രജിത്ത് സുകുമാരൻ, മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുക ആണ് ഷാജി കൈലാസ്.
അടുത്ത മാസം ഗോവയിൽ ഷാജി കൈലാസ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടക്കും. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ പൂർത്തിയാകാൻ വൈകുന്നതിനാൽ ആണ് ഷാജി കൈലാസ് മറ്റൊരു പ്രൊജക്റ്റ് ചെയ്യാൻ തീരുമാനിച്ചത്. മോഹൻലാൽ ചിത്രത്തിന് മുൻപ് മറ്റൊരു പ്രൊജക്റ്റ് താൻ ചെയ്‌തേക്കും എന്ന സൂചന മുൻപ് തന്നെ ഷാജി കൈലാസ് ഒരു ഇന്റർവ്യൂവിൽ പങ്കുവെച്ചിരുന്നു.
ഷാജി കൈലാസ് – ഇന്ദ്രജിത്ത് – മുരളി ഗോപി മുരളി ഗോപി ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. വരും ദിവസങ്ങളിൽ ഈ ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.
അതെ സമയം ശ്രീകുമാർ മേനോൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ അവസാനഘട്ട ചിത്രീകരണ തിരക്കിൽ ആണ് മോഹൻലാൽ ഇപ്പോൾ. റോഷൻ ആൻഡ്രൂസ് – നിവിൻ പൊളി ചിത്രം കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയുടെ വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. നീരാളി എന്ന അജോയ് വർമ്മ ചിത്രവും മോഹൻലാൽ പൂർത്തിയാക്കി കഴിഞ്ഞു. ഒടിയന് ശേഷം രഞ്ജിത്ത് ചിത്രം ബിലാത്തിക്കഥ, നടൻ പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫർ എന്നീ ചിത്രങ്ങളിലാണ് മോഹൻലാൽ അഭിനയിക്കുക.