തിയേറ്ററുകൾ അടക്കി ഭരിക്കാൻ മോഹൻലാൽ വീണ്ടും; രാവണപ്രഭു റീ റിലീസ് അപ്ഡേറ്റ് ഇതാ

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം രാവണപ്രഭുവിൻ്റെ റീ റിലീസ് തീയതി പുറത്ത്. ഒക്ടോബർ പത്തിനാണ് ചിത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. കേരളത്തിലെ ഇരുനൂറോളം സ്ക്രീനുകളിൽ ചിത്രം ആശിർവാദ് സിനിമാസ് പ്രദർശനത്തിന് എത്തിക്കും.
മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, സ്ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകളുടെ സൂപ്പർ റീ റിലീസ് വിജയത്തിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ കൂടെ റീ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. 2001 ൽ റിലീസ് ചെയ്ത് മലയാളത്തിലെ ഇയർ ടോപ്പർ ഹിറ്റ് ആയി മാറിയ രാവണപ്രഭു 4K ഡോൾബി അറ്റ്മോസിൽ മാറ്റിനി നൗ ടീം ആണ് റീ മാസ്റ്റർ ചെയ്ത് എത്തിക്കുന്നത്.
മോഹൻലാലിൻ്റെ മുൻ റീ റിലീസുകൾ പോലെ തന്നെ രാവണപ്രഭുവിനും റീ റിലീസിൽ തരംഗമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിൻ്റെ ഫാൻസ് ഷോകൾ സോൾഡ് ഔട്ട് ആയിട്ടുണ്ട്. രാവിലെ ഏഴര മുതൽ ചിത്രത്തിൻ്റെ ഷോകൾ കേരളത്തിൽ ആരംഭിക്കും.
2001 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ എത്തിയ രാവണപ്രഭു, ഐ വി ശശി ഒരുക്കിയ മോഹൻലാലിന്റെ എവർക്ലാസിക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു. മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.