in , ,

ബ്രഹ്മാണ്ഡ ഹൊറർ ഫാൻ്റസി ചിത്രവുമായി പ്രഭാസ്; ‘രാജാസാബ്’ ട്രെയിലർ പുറത്ത്

ബ്രഹ്മാണ്ഡ ഹൊറർ ഫാൻ്റസി ചിത്രവുമായി പ്രഭാസ്; ‘രാജാസാബ്’ ട്രെയിലർ പുറത്ത്

‘കൽക്കി 2898 എ.ഡി’ എന്ന ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം പാൻ-ഇന്ത്യൻ താരം പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ‘രാജാസാബി’ൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഹൊററും ഫാൻ്റസിയും കോമഡിയും സമന്വയിപ്പിക്കുന്ന ചിത്രം തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പുനൽകുന്നതാണ് മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയിലർ. ജനുവരി 9-ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ട്രെയിലറിലെ പ്രധാന ആകർഷണം ഇരട്ടവേഷത്തിലെത്തുന്ന പ്രഭാസിൻ്റെ പ്രകടനമാണ്. താരത്തിൻ്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാകും ഇതെന്ന് ട്രെയിലർ സൂചന നൽകുന്നു. ഒപ്പം, ബോളിവുഡ് താരം സഞ്ജയ് ദത്തും ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മാരുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകരെ പേടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ കോർത്തിണക്കിയ ഒരു സമ്പൂർണ്ണ എൻ്റർടെയ്നർ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ട്രെയിലർ:

ഐതിഹ്യങ്ങളും അമാനുഷിക ശക്തികളും നിറഞ്ഞ ഒരു ഹൊറർ ലോകമാണ് ‘രാജാസാബ്’ പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്നത്. ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം, ഭയത്തിനൊപ്പം നർമ്മത്തിനും പ്രാധാന്യം നൽകുന്നുണ്ട്. നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവർ നായികമാരാകുമ്പോൾ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ് തുടങ്ങി ഒരു വലിയ താരനിരയും ചിത്രത്തിൻ്റെ ഭാഗമാകുന്നു. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 105-ൽ അധികം തീയേറ്ററുകളിൽ ഒരേസമയം ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചു.

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയിൽ ഒരു ഹൊറർ ചിത്രത്തിനായി ഒരുക്കിയ ഏറ്റവും വലിയ സെറ്റാണ് ‘രാജാസാബി’നായി ഉപയോഗിച്ചിരിക്കുന്നത്. തമൻ എസ്. സംഗീതവും കാർത്തിക് പളനി ഛായാഗ്രഹണവും നിർവഹിക്കുന്നു. ‘ബാഹുബലി’ ഫെയിം ആർ.സി. കമൽ കണ്ണനാണ് ചിത്രത്തിൻ്റെ വിഎഫ്എക്സ് ഒരുക്കുന്നത്.

പ്രതികാരത്തിന്റെ കബഡി കളി; ഷെയിൻ നിഗത്തിന്റെ ‘ബൾട്ടി’ ഹൗസ്ഫുൾ ഷോകളുമായി മുന്നോട്ട്

മോഹൻലാൽ – മമ്മൂട്ടി – മഹേഷ് നാരായണൻ ചിത്രത്തിന്റെ ടീസർ വരുന്നു; മമ്മൂട്ടി നാളെ ഹൈദരാബാദിൽ