ചിരിയും ആകാംക്ഷയും നിറച്ച് ധ്യാൻ-ലുക്മാൻ ടീമിന്റെ ‘വള’; ട്രെയിലർ ശ്രദ്ധ നേടുന്നു

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘വള’യുടെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും സസ്പെൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ചിത്രം സെപ്റ്റംബർ 19-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഒരു വളയെ ചുറ്റിപ്പറ്റി നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെയും അതുണ്ടാക്കുന്ന പൊല്ലാപ്പുകളെയുമാണ് ചിത്രം പിന്തുടരുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ആക്ഷനും കോമഡിയും ഇഴചേർന്നുള്ള രംഗങ്ങൾ ചിത്രത്തിന്റെ മുഖ്യ ആകർഷണമാകുമെന്നുറപ്പാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് തൂലിക ചലിപ്പിച്ച ഹർഷദാണ് ‘വള’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ കൂട്ടുകെട്ട് സിനിമാ പ്രേമികളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ഫെയർബെ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വേഫെയറർ ഫിലിംസാണ് തീയേറ്ററുകളിലെത്തിക്കുന്നത്.
രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിജയരാഘവൻ, ശാന്തികൃഷ്ണ എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവരുന്നു എന്ന പ്രത്യേകതയുമുണ്ട്. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, ഗോകുലൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നു. ഗോവിന്ദ് വസന്ത തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: അഫ്നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, പ്രൊഡക്ഷൻ ഡിസൈനർ: അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് റഹ്മാൻ, മേക്കപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യും: ഗഫൂർ മുഹമ്മദ്, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊജക്ട് കോർഡിനേറ്റർ: ജംഷീർ പുറക്കാട്ടിരി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, വിഎഫ്എക്സ്: ഇമ്മോർട്ടൽ മാജിക് ഫ്രെയിം, സ്റ്റിൽസ്: അമൽ സി സദ്ധാർ, രാഹുൽ എം സത്യൻ, ആക്ഷൻ കോറിയോഗ്രാഫർ: കലൈ കിങ്സൺ, ഫോണിക്സ് പ്രഭു, ചീഫ് അസോ. ഡയറക്ടർ: ആസാദ് അലവിൽ, അനീഷ് ജോർജ്ജ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: പ്രതീഷ് ശേഖർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി.